കേരളം
നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത്
നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കും. 103 രാജ്യങ്ങളില്‍ നിന്നുളള പ്രവാസികൾ അടക്കം 200 ലധികം പ്രതിനിധികൾ ക്ഷണിതാക്കളായി പങ്കെടുക്കും.
എമിഗ്രേഷന്‍ കരട് ബില്‍ 2021, വിദേശ റിക്രൂട്ട്മെന്‍റ് പ്രോഗ്രാമുകൾ, സുസ്ഥിര പുനരധിവാസം – നൂതന ആശയങ്ങള്‍, കുടിയേറ്റത്തിലെ ദുര്‍ബലകണ്ണികളും സുരക്ഷയും, നവ തൊഴില്‍ അവസരങ്ങളും നൈപുണ്യ വികസനവും, കേരള വികസനം – നവ മാതൃകകള്‍, വിദേശ രാജ്യങ്ങളിലെ മാറുന്ന തൊഴില്‍-കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും, വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവര്‍ത്തനവും പ്രവാസികളും എന്നിങ്ങനെ എട്ട് വിഷയങ്ങളിൽ അവതരണങ്ങൾ നടക്കും.
ഇതുവരെ ലഭിച്ച 760 അപേക്ഷകളിൽ നിന്നുള്ള പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണെന്ന് സർക്കാർ അറിയിച്ചു. മൂന്നാം ലോക കേരള സഭയുടെ ശുപാർശയായ ലോകകേരളം ഓൺലൈൻ പോർട്ടലിൻ്റെ ഉദ്ഘാടനവും കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ടും ജൂൺ 13ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനാകും. മൈഗ്രേഷൻ സർവേയെക്കുറിച്ചുള്ള സെമിനാറും അന്നേദിവസം ആസൂത്രണം ചെയ്തിട്ടുണ്ട്. ജൂൺ 13ന് വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം ലോക കേരള സഭയുടെ നാലാം പതിപ്പിന് ഔദ്യോഗിക തുടക്കം കുറിക്കും. കേരള നിയമസഭാ മന്ദിരത്തിലാണ് സമ്മേളനങ്ങൾ നടക്കുക.
ലോക കേരളം പോര്‍ട്ടല്‍ ലോഞ്ചും മൈഗ്രേഷൻ സർവ്വേ റിപ്പോര്‍ട്ടും ജൂൺ 13 നാണ് നിശ്ചയിച്ചിരിക്കുന്നത്. 2018-ൽ ആദ്യമായി വിളിച്ചുകൂട്ടിയ ലോക കേരള സഭയെ കേരള സർക്കാർ വിശേഷിപ്പിക്കുന്നത് “ലോകമെമ്പാടുമുള്ള കേരളീയരുടെ ഒരു പൊതുവേദി” എന്നാണ്. മൂന്നാം പതിപ്പ് 2022 ജൂണിൽ നടന്നു.