ആരോഗ്യം
ഔദ്യോഗിക ആവശ്യത്തിന് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പതിനാല് ദിവസം ക്വാറന്റീന്‍ ഒഴിവാക്കി
ഔദ്യോഗിക ആവശ്യത്തിന് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പതിനാല് ദിവസം ക്വാറന്റീന്‍ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്കെത്തുന്നവര്‍ക്ക് ഏഴുദിവസം സംസ്ഥാനത്തു തങ്ങി മടങ്ങാം. പരീക്ഷകള്‍ക്കെത്തുന്നവര്‍ നിശ്ചിത തീയതിക്കു മൂന്നുദിവസം മുന്‍പെത്തി, മൂന്നുദിവസം കഴിഞ്ഞു മടങ്ങണമെന്നും ഉത്തരവില്‍ പറയുന്നു.
ബിസിനസ്, ഔദ്യോഗിക ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്കാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവര്‍ ഏഴുദിവസം സംസ്ഥാനത്തു തങ്ങി എട്ടാം നാള്‍ സംസ്ഥാനത്തിനു പുറത്തേക്കുപോകണം. വരുമ്പോള്‍ നേരെ താമസസ്ഥലത്തേക്ക് എത്തണം. പൊതുഇടങ്ങളോ ആശുപത്രികളോ സന്ദര്‍ശിക്കാന്‍ പാടില്ല. അറുപതു വയസിനു മുകളിലും പത്തുവയസിനു താഴേയും ഉള്ളവരുമായി സമ്പര്‍ക്കം പാടില്ല.
പരീക്ഷകള്‍ക്കും മറ്റുവിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും എത്തുന്നവര്‍ മൂന്നുദിവസം മുന്‍പ് എത്തണം. ആവശ്യം കഴിഞ്ഞാലും മൂന്നുദിവസംകൂടി തങ്ങിയേ പോകാവൂ. ഏത് ആവശ്യത്തിന് വരുന്നവരായാലും നിര്‍ബന്ധമായും ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തെ വാണിജ്യ വാണിജ്യേതര സ്ഥാപനങ്ങള്‍ പാലിക്കേണ്ട ആരോഗ്യമാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.
സ്ഥാപനത്തിന് മുന്നില്‍ കൊവിഡ് മുന്നറിയിപ്പ് ബോര്‍ഡ് വെക്കണം. പനി, ചുമ, ശ്വാസതടസ രോഗലക്ഷണങ്ങളുള്ള ഉപഭോക്താക്കളും ജീവനക്കാരും സ്ഥാപനത്തില്‍ പ്രവേശിക്കരുത്. എസി ഉപയോഗിച്ചാലും മുറിക്കുള്ളിലെ താപനില 24 ഡിഗ്രി സെല്‍ഷ്യസ് ആയി നിലനിര്‍ത്തണം. പണം കൈകാര്യം ചെയ്യുന്നവര്‍ ഉമിനീര്‍ ഉപയോഗിച്ച് വിരലുകള്‍ നനച്ച് എണ്ണരുതെന്നും നിര്‍ദേശമുണ്ട്.