ക്രൈം
നെയ്യാറ്റിൻകര കൊലക്കേസ് നാലുപേർ പിടിയിൽ; പ്രതികൾ ആദിത്യന്റെ മുൻപരിചയക്കാർ
തിരുവനന്തപുരം നെയ്യാറ്റിൻകര കൊടങ്ങാവിള ടൗണിൽ നടന്ന കൊലപാതകത്തിൽ നാലുപേർ പൊലീസ് പിടിയിൽ. ഒന്നാം പ്രതി വെൺപകൽ പട്ട്യക്കാല പട്ട്യക്കാല പുത്തൻവീട് ജെ.എസ്. ഭവനിൽ ജെ.എസ്. ജിബിൻ(25), നെല്ലിമൂട് പെരുങ്ങോട്ടുകോണം കണ്ണറവിളയിൽ മനോജ്(19), ചൊവ്വര ചപ്പാത്ത് ബഥേൽ ഭവനിൽ അഭിജിത്ത്(18), കാഞ്ഞിരംകുളം കഴിവൂർ പെരുന്താന്നി പ്ലാവിളപുത്തൻവീട്ടിൽ രജിത്ത്(23) എന്നിവരാണ് തമിഴ്നാട്ടിൽനിന്ന് അറസ്റ്റിലായത്.
ഒന്നാം പ്രതിയായ ജിബിൻ പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് ഒരാഴ്ച മുമ്പാണ് ജയിൽ മോചിതനായത്. പ്രതികൾ ആദിത്യന്റെ മുൻപരിചയക്കാരാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്, പട്ട്യക്കാലക്കുസമീപം പപ്പടക്കടയിൽ ജോലി നോക്കിയിരുന്ന ആദിത്യന് ജിബിനുമായി പരിചയമുണ്ടായിരുന്നു. ഇവർ തമ്മിൽ പണമിടപാട് ഉണ്ടായിരുന്നു. രണ്ടുമാസം മുമ്പ് ആദിത്യൻ ജിബിനിൽ നിന്ന് വാങ്ങിയ ബൈക്കിന്റെ ഫിനാൻസിനെ ചൊല്ലിയുള്ള സാമ്പത്തികതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രഥമിക നിഗമനം.
കഴിഞ്ഞദിവസം കലക്ഷൻ എടുക്കുന്നതിനായി നെല്ലിമൂട് എത്തിയപ്പോൾ ജിബിനുമായുണ്ടായ വാക്കുതർക്കം നാട്ടുകാർ ഇടപെട്ട് താൽക്കാലികമായി പരിഹരിക്കുകയായിരുന്നു. ആദിത്യന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. പ്രതികളുമായി പൊലീസ് കൊടങ്ങാവിളയിലെത്തി തെളിവെടുത്തു.