കേരളം
മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള അന്തരിച്ചു
മുന്നോക്ക വികസന കോര്പ്പറേഷന് ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ള (86) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഗണേഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ച് വിശ്രമത്തിലായതോടെ ബാലകൃഷ്ണപിള്ളയാണ് പത്തനാപുരത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം നിർവഹിച്ചതും മണ്ഡലത്തിലെ പ്രചാരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും. കേരള കോൺഗ്രസ് (ബി) ചെയർമാൻ, മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. നായർ സർവീസ് സൊസൈറ്റി(എൻഎസ്എസ്) ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമാണ്.
കേരള കോണ്‍ഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. 1906 ല്‍ ഇരുപത്തിയഞ്ചാം വയസില്‍ നിയമസഭയിലെത്തി. എക്സൈസ്, ഗതാഗതം, വൈദ്യുതി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ബി ചെയര്മാന് കൂടിയായിരുന്നു അദ്ദേഹം.
ഭാര്യ: ആര്‍. വത്സല. മക്കള്‍: മുന്‍ മന്ത്രിയും ചലച്ചിത്രതാരവും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍, ഉഷ മോഹന്‍ദാസ്, ബിന്ദു ബാലകൃഷ്ണന്. മരുമക്കള്‍: ബിന്ദു ഗണേഷ് കുമാര്‍, മോഹന്‍ദാസ്, പി. ബാലകൃഷ്ണന്.