കേരളം
മുൻ മന്ത്രി കെ. രാധാകൃഷ്ണനെ ആശ്ലേഷിച്ച് ഡോ. ദിവ്യ എസ് അയ്യർ; വൈറലായി ചിത്രം
മുൻ മന്ത്രി കെ. രാധാകൃഷ്ണനെ ആശ്ലേഷിച്ച് യാത്രയാക്കുന്ന ഡോ. ദിവ്യ എസ് അയ്യരുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. മുൻമന്ത്രിയായ കെ രാധാകൃഷ്‌ണൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തെ ആശ്ലേഷിക്കുന്ന ചിത്രം തന്റെ ഇൻസ്‌റ്റഗ്രാമിലൂടെ ദിവ്യ എസ് അയ്യർ പുറത്തുവിട്ടത്.
വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടർ ദിവ്യ എസ് അയ്യർ മന്ത്രിയെ പച്ചയായ മനുഷ്യനെന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം പങ്കുവച്ച ഈ ചിത്രത്തിന് പതിനായിരത്തിൽ അധികം ലൈക്കുകളാണ് ലഭിച്ചത്. പിന്നാലെ ഇത് വലിയ രീതിയിൽ ഷെയർ ചെയ്യപ്പെടുകയും ചെയ്‌തു.
‘ആ ചിത്രം എനിക്ക് അദ്ദേഹത്തോടുള്ള ആദരവ് വിളിച്ചു പറയാൻ വേണ്ടിയുള്ളതാണ്. ചുരുക്കം ചിലരോട് മാത്രം തോന്നുന്ന ആദരവ്’ എന്നായിരുന്നു ചിത്രം വൈറലായതിനു പിന്നാലെ ദിവ്യ എസ് അയ്യർ പ്രതികരിച്ചത്. പത്തനംതിട്ട ജില്ലാ കളക്‌ടർ പദവി ഒഴിയേണ്ടിവന്നപ്പോൾ നൽകിയ യാത്ര അയപ്പിനിടെ എടുത്ത ചിത്രമാണ് ദിവ്യ പങ്കുവച്ചത്. ഭർത്താവ് കെ.എസ്.ശബരീനാഥനും കുടുംബാംഗങ്ങൾക്കുമൊപ്പം മന്ത്രി വസതിയിൽ എത്തിയപ്പോഴാണ് ചിത്രം പകർത്തിയത്.
ചിത്രം കണ്ടു ഒരുപാട് പേർ വിളിച്ചിരുന്നുവെന്നാണ് ദിവ്യ എസ് അയ്യർ പറയുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ബഹുമാനം കൊണ്ട് കെട്ടിപിടിക്കണം എന്ന് തോന്നിയ മനുഷ്യരെ ഒരു സ്ത്രീ ആയതിനാൽ നിസഹായയതയോടെ നോക്കി നിൽക്കേണ്ടി വന്ന അനേകായിരം സ്ത്രീകൾക്ക് പ്രചോദനമാണ് ദിവ്യ എസ് അയ്യരെന്നാണ് ചിലർ ഈ ചിത്രത്തിന് താഴെ അഭിപ്രായപ്പെട്ടത്.