കേരളം
വളാഞ്ചേരിയില്‍ വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍മാണം; ലബോറട്ടറി ഉടമ അറസ്റ്റില്‍
വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്കി 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ വളാഞ്ചേരി ആര്‍മ ലബോറട്ടറി ഉടമ സുനില്‍ സാദത്തിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം.
കൊവിഡ് പരിശോധന നടത്തി നല്‍കേണ്ട സര്‍ട്ടിഫിക്കറ്റ് കൃത്രിമമായി ഉണ്ടാക്കി ലാബ് ഉടമ അമ്പത് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. കോഴിക്കോട് ആസ്ഥാനമായുള്ള ഐ.സി.എം.ആര് അംഗീകൃത ലബോറട്ടറിയുടെ ഫ്രാഞ്ചൈസിയായ അര്‍മ ലബോറട്ടറി ഓഗസ്റ്റ് 16 മുതല്‍ കൊവിഡ് പരിശോധനക്കായി 2500 പേരില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചതായി കണ്ടെത്തുകയായിരുന്നു.
എന്നാല്‍ ഇതില്‍ 496 സാമ്പിളുകള്‍ മാത്രമാണ് കോഴിക്കോട്ടെ ലാബിലേക്ക് അയച്ച് നല്‍കിയിരുന്നത്. ബാക്കി സാമ്പിളുകള്‍ അര്‍മ ലാബില്‍ തന്നെ നശിപ്പിച്ച് കോഴിക്കോടുള്ള ലാബിന്റെ പേരില്‍ വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൃത്രിമമായി നിര്‍മിച്ച് നല്‍കിയെന്നാണ് പരാതി. കേസില്‍ മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലാബ് ഉടമയായ സുനില്‍ സാദത്ത് ഈ കാലയളവില്‍ ഒളിവില്‍ പോവുകയും ചെയ്തു.
കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് സുനില്‍ സാദത്ത് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചത്. കൊവിഡിന്റെ വ്യാപനം കണക്കിലെടുത്ത് മാത്രം ഒന്നാം പ്രതിയായ സുനില്‍ സാദത്തിന് കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി ആള് ജാമ്യത്തില്‍ വിടുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങിയപ്പോഴാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തിയത്. നേരത്തെ ലാബില്‍ നിന്നുള്ള രേഖകളെല്ലാം പോലീസ് കണ്ടുകെട്ടി ലാബ് സീല്‍ ചെയ്തിരുന്നു.