കേരളം
മത്തായി കസ്റ്റഡി മരണം: സിബിഐ റിപ്പോർട്ട് ശരിവച്ച് വനം വകുപ്പ്
പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മത്തായി മരിച്ച കേസിൽ പ്രതികളായ ഉദ്യോഗസ്ഥർക്ക് കുരുക്ക് മുറുകുന്നു. സിബിഐയുടെ അന്വേഷണ റിപ്പോർട്ട് ശരിവച്ച വനം വകുപ്പ്, ഏഴ് ഉദ്യോഗസ്ഥരെ പ്രൊസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി. സിബിഐ അന്വേഷണത്തിൽ മനപൂർവമല്ലാത്ത നരഹത്യയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
വനത്തിൽ സ്ഥാപിച്ച ക്യാമറകൾ തകർത്തെന്ന കേസിൽ പിപി മത്തായിയെ വനപാലകർ കസ്റ്റഡിയിലെടുത്തത് മുതൽ അടിമുടി ക്രമക്കേടുകൾ നടന്നെന്നാണ് സിബിഐയുടെ കുറ്റപത്രത്തിൽ പറയുന്നത്. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ, ആർ രാജേഷ്കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ കെ പ്രദീപ്കുമാർ, ജോസ് ഡിക്രൂസ്, ടി അനിൽകുമാർ, എൻ സന്തോഷ്കുമാർ, വി എം ലക്ഷ്മി, ട്രൈബൽ വാച്ചർ ഇ ബി പ്രദീപ്കുമാർ എന്നിവർക്കെതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
പ്രതികളാക്കപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരും പ്രഥമ ദൃഷ്ട്യ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രൊസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതെന്നാണ് വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്കുമാർ സിൻഹയുടെ ഉത്തരവിൽ പറയുന്നത്. പത്ത് വർഷം വരെ തടവും പിഴ ശിക്ഷയും കിട്ടാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്. ദക്ഷിണ മേഖല ഫോറസ്റ്റ് കൺസർവേറ്റർ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ പ്രതികളായ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ട് നൽകിയിരിരുന്നു.
അറസ്റ്റ് മെമ്മോ പോലും ഇല്ലാതെ മത്തായിയെ കസ്റ്റഡിയിലെടുത്തെന്നും വീട്ടിൽ അതിക്രമിച്ച് കയറിയെന്നുമായിരുന്നു ആഭ്യന്തര അന്വേഷണത്തിലെ കണ്ടെത്തൽ. സംഭത്തിന് പിന്നാലെ മുഴുവൻ ഉദ്യോഗസ്ഥരേയും സസ്പെന്റ് ചെയ്തെങ്കിലും ആറ് മാസം സ്ഥലം മാറ്റം നൽകി സർവീസിൽ തിരിച്ചെടുത്തിരുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫീസറായിരുന്ന ആറാം പ്രതി വി എം ലക്ഷ്മി വനം വകുപ്പിൽ നിന്നും രാജിവച്ച് നിലവിൽ ആരോഗ്യ വകുപ്പിൽ എൽഡി ക്ലർക്കാണ്.