കേരളം
വനാതിർത്തിയിലെ ബഫർസോൺ: സംസ്ഥാനങ്ങളുടെ ആശങ്ക സുപ്രീം കോടതിയെ അറിയിക്കാൻ കേന്ദ്രം
സംരക്ഷിത വനാതിര്‍ത്തിയിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച ഉത്തരവില്‍ സംസ്ഥാനങ്ങളുടെ ആശങ്ക സുപ്രീംകോടതിയെ നേരിട്ടറിയിക്കാന്‍ കേന്ദ്രം. കേരളത്തിനൊപ്പം മറ്റ് പല സംസ്ഥാനങ്ങളും ഉത്തരവില്‍ ആശങ്കയറിയിച്ച സാഹചര്യത്തിലാണ് കേന്ദ്ര നീക്കം. അടിയന്തര ഇടപെടല്‍ തേടി വിവിധ സംസ്ഥാനങ്ങളിലെ എംപിമാര്‍ വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.
സംരക്ഷിത വനമേഖലക്ക് സമീപം ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല നിർബന്ധമായും വേണമെന്ന സുപ്രീംകോടതി ഉത്തരവ് അപ്രായോഗികമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. ജനവാസ മേഖല ഒഴിവാക്കണമെന്ന ആവശ്യവുമായി വിവിധ സംസ്ഥാനങ്ങളിലെ ജനപ്രതിനിധികൾ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. കേരളം മാത്രമല്ല ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് , ഹിമാചൽ പ്രദേശ്, കർണാടക , ഗോവ. വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍ ഉത്തരവില്‍ ഇളവ് തേടിയിട്ടുണ്ട്.
പരിസ്ഥിതി ലോല മേഖലയുടെ വീതി സംബന്ധിച്ച വ്യവസ്ഥകളിൽ ഇളവ് ആവശ്യമെങ്കിൽ സംസ്ഥാന സർക്കാരുകൾക്ക് ഉന്നതാധികാരസമിതിയെയും പരിസ്ഥിതി മന്ത്രലയത്തെയും സമീപിക്കാവുന്നതാണെന്ന് കഴിഞ്ഞ ദിവസത്തെ ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടി കോടതിയെ ആശങ്കയറിക്കാമെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. ഉന്നതാധികാര സമിതിയും വനം-പരിസ്ഥിതി മന്ത്രാലയവും കോടതിയിൽ നൽകുന്ന ശുപാർശ പ്രധാനമാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
സുപ്രീംകോടതി ഉത്തരവില്ഡ ആശങ്ക അറിയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോ പ്രതിനിധികളോ ഈയാഴ്ച തന്നെ ദില്ലിയിലെത്തും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായി ചില മുഖ്യമന്ത്രിമാര്‍ കൂടിക്കാഴ്ചക്ക് അവസരം തേടിയിട്ടുണ്ട്. സങ്കീര്‍ണ്ണ വിഷയത്തില്‍ ഇടപെടാനുള്ള സമ്മര്‍ദ്ദം കേന്ദ്രത്തിന് മേല്‍ ശക്തമാണ്.