കേരളം
ഒന്നിലധികം പെൻഷൻ വാങ്ങുന്നവരുടെ അലവൻസുകൾക്ക് നിയന്ത്രണം
സംസ്ഥാനത്ത് ഒന്നിലധികം പെൻഷൻ വാങ്ങുന്നവർക്ക് നൽകുന്ന മറ്റ് അലവൻസുകൾ ഒരു പെൻഷന് മാത്രമായി പരിമിതപ്പെടുത്തി. പെൻഷൻകാർ 80 കഴിഞ്ഞവർക്കുള്ള സപെഷൽ കെയർ അലവൻസ്, മെഡിക്കൽ അലവൻസ്, ഉത്സവ ബത്ത എന്നിവ ഒന്നിലധികം കൈപ്പറ്റുന്നില്ലെന്ന് പെൻഷൻ ഡിസ്ബേഴ്സിങ് അതോറിറ്റി ഉറപ്പാക്കണമെന്നും ധനവകുപ്പ് നിർദേശിച്ചു. പി.എസ്.സി, വിവരാവകാശ കമീഷൻ, ലോകായുക്ത, അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണൽ, സമാന സ്ഥാപനങ്ങൾ എന്നിവർക്ക് നൽകുന്ന പെൻഷൻ സ്പെഷൽ കാറ്റഗറി പെൻഷൻ എന്ന വിഭാഗത്തിൽ കണക്കാക്കും.
സംസ്ഥാന സർവിസ് പെൻഷൻ-കുടുംബ പെൻഷൻ എന്നിവയോടൊപ്പം ഒന്നോ ഒന്നിലധികമോ സ്പെഷൽ കാറ്റഗറി സർവിസ് പെൻഷനോ-കുടുംബ പെൻഷനോ ബോർഡ്-കോർപറേഷൻ, അതോറിറ്റി-സർവകലാശാല തുടങ്ങിയവയിൽ നിന്നുള്ള സർവിസ് പെൻഷനോ-കുടുംബ പെൻഷനോ കൈപ്പറ്റുന്നവർക്ക് സർവിസ് പെൻഷനിൽനിന്ന് അല്ലെങ്കിൽ സംസ്ഥാന സർവിസ് കുടുംബ പെൻഷനിൽനിന്ന് മാത്രം അലവൻസുകൾ അനുവദിക്കും. ഒന്നോ അധികമോ സ്പെഷൽ കാറ്റഗറി സർവിസ് പെൻഷനും അതേ വിഭാഗത്തിെല കുടുംബ പെൻഷനും കൈപ്പറ്റുന്നവർക്ക് ഒരു െപൻഷന് മാത്രം അലവൻസുകൾ നൽകും.
ഒന്നോ അധികമോ സ്പെഷൽ കാറ്റഗറി സർവിസ് പെൻഷനോ അതേ വിഭാഗത്തിലെ കുടുംബ പെൻഷനോ ഒപ്പം ബോർഡ്-കോർപറേഷൻ-സർവകലാശാല തുടങ്ങിയ പെൻഷനോ കുടുംബ പെൻഷനോ കൈപ്പറ്റുന്നവർക്ക് സ്പെഷൽ കാറ്റഗറി പെൻഷനിൽ നിന്നോ അതിെൻറ കുടുംബ പെൻഷനിൽ നിന്നോ മാത്രം അലവൻസുകൾ നൽകും. ബോർഡ് കോർപറേഷൻ, അതോറിറ്റി, സർവകലാശാലകൾ മുതലായ സ്ഥാപനങ്ങളിൽനിന്ന് സർവിസ് പെൻഷനും കുടുംബ പെൻഷനും ഒരുമിച്ച് കെപ്പറ്റുന്നവർക്ക് ഏതെങ്കിലും ഒരു സ്ഥാപനത്തിലെ സർവിസ് പെൻഷന് മാത്രം അലവൻസുകൾ. ബോർഡ് കോർപറേഷൻ, അതോറിറ്റി, സർവകലാശാലകൾ തുടങ്ങിയ സ്ഥാപനങ്ങളിൽനിന്ന് ഒന്നിലധികം കുടുംബ പെൻഷൻ കൈപ്പറ്റുന്നവർക്ക് ഏതെങ്കിലും ഒരു സ്ഥാപനത്തിലെ കുടുംബ പെൻഷന് മാത്രം അലവൻസുകൾ നൽകും.
കുടുംബ പെൻഷൻ ഒന്നിലധികം വ്യക്തികൾ പങ്കിടുന്നെങ്കിൽ സ്പെഷൽ കെയർ അലവൻസ് തുല്യമായി ഭാഗിക്കണം. അർഹർക്ക് അവരുടെ ഭാഗം മാത്രം അനുവദിക്കണം. മെഡിക്കൽ അലവൻസ് ഉത്സവബത്ത എന്നിവ തുല്യമായി ഭാഗിച്ച് വ്യക്തികൾക്ക് അവരുടെ ഭാഗം നൽകണം. കുടുംബ പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന വ്യക്തി നിലവിൽ സർക്കാർ സേവനത്തിലാണെങ്കിൽ സേവന കാലത്ത് അവർക്ക് ഇൗ അലവൻസുകൾക്ക് അർഹതയില്ല. വിരമിച്ച പാർട്ട്ടൈം അധ്യാപകർ, എയ്ഡഡ് മേഖലയിലെ പെൻഷൻകാർ-കുടുംബ പെൻഷൻകാർ, പാർട്ട്ടൈം പെൻഷൻകാർ-കുടുംബ പെൻഷൻകാർ, എക്സ്ഗ്രേഷ്യ പെൻഷൻകാർ, മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ പേഴ്സനൽ സ്റ്റഫിലേക്ക് നേരിട്ട് നിയമനം ലഭിച്ചവർ എന്നിവർക്ക് സ്പെഷൽ കെയർ അലവൻസിന് അർഹതയുണ്ട്.
പുനർനിയമനത്തിലുള്ള പെൻഷൻകാർ, എ.ഐ.സി.ടി.ഇ, യു.ജി.സി, എം.ഇ.എസ് വിഭാഗങ്ങളിൽ വരുന്ന പെൻഷൻകാർ, പി.എസ്.സി, വിവരാകാശ കമീഷൻ, ലോകയുക്ത, അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണൽ എന്നിവയിലെയും സമാന സ്ഥാപനങ്ങളിലെയും സേവനത്തിന് നൽകുന്ന സ്പെഷൽ കാറ്റഗറി പെൻഷൻ എന്നിവക്ക് സ്പെഷൽ കെയർ അലവൻസിന് അർഹതയില്ല. എക്സ്ഗ്രേഷ്യ പെൻഷൻകാർ-കുടുംബ പെൻഷൻകാർ എന്നിവർക്കും മെഡിക്കൽ അലവൻസിന് അർഹതയുണ്ടായിരിക്കില്ല.