Uncategorized
തിരുവനന്തപുരത്തെ മൂന്ന് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്; ദുരിതാശ്വാസ ക്യാമ്പുകളായ സ്‌കൂളുകള്‍ക്ക് നാളെ അവധി
കനത്തമഴ തുടരുന്ന തിരുവനന്തപുരത്ത് മൂന്ന് നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി.കരമന നദിയിലെ വെള്ളെകടവ് സ്റ്റേഷനില്‍ ഓറഞ്ച് അലര്‍ട്ടും നെയ്യാര്‍ നദിയിലെ അരുവിപ്പുറം സ്റ്റേഷനിലും വാമനപുരം നദിയിലെ അയിലം സ്റ്റേഷനിലും യെല്ലോ അലര്‍ട്ടും ജല കമ്മീഷന്‍ പ്രഖ്യാപിച്ചു. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
അതിനിടെ, ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. സംസ്ഥാനത്ത് തുടര്‍ച്ചയായ മഴ പ്രതീക്ഷിക്കുന്നു. പ്രളയത്തിന് ശേഷം കൂടുതല്‍ മഴ കിട്ടിയ സമയമാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ ശരാശരി 180 മി.മീ മഴ കിട്ടി. 17 ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. 572 പേര് ക്യാമ്പുകളില്‍ താമസിക്കുന്നുണ്ട്. നഗരത്തില്‍ മാത്രം 15 ക്യാമ്പുകള്‍ തുറന്നെന്നും മന്ത്രി പറഞ്ഞു.
കോര്‍പ്പറേഷനും കണ്‍ട്രോള്‍ റൂം തുടങ്ങിയിട്ടുണ്ട്. താലൂക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. 6 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു എന്നാണ് പ്രാഥമിക വിവരം.11 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആളുകള്‍ ക്യാമ്പുകളില്‍ പോകാന്‍ വിമുഖത കാണിക്കുന്നുണ്ട്. എന്നാല്‍ ക്യാമ്പുകളിലേക്ക് മാറാന്‍ മടിക്കരുത്. വെള്ളം ഒഴുകി പോകാനുള്ള സംവിധാനം ഒരുക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു