കേരളം
ഇനി മുതൽ സെസ് ഇല്ല; സ്വര്‍ണം, കാര്‍, മൊബൈല്‍ ഇന്ന് മുതല്‍ വില കുറയുന്ന സാധനങ്ങള്‍ ഇവ
കേരളത്തില്‍ രണ്ട് വര്‍ഷമായി ഈടാക്കിയിരുന്ന പ്രളയ സെസ് ഇന്നത്തോടെ നിര്‍ത്തലാക്കും. 2018ലെ മഹാപ്രളയത്തെ തുടര്‍ന്ന് ഉണ്ടായ നഷ്ടങ്ങളുടെ പശ്ചാത്തലത്തിലാണ് അധിക വിഭവസമാഹരണത്തിനായി പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. ഇതോടെ മൂന്ന് ജിഎസ്ടി സ്ലാബിലുള്ള സാധനങ്ങള്‍ക്ക് വില വര്‍ധിച്ചിരുന്നു. കാല്‍ശതമാനം മുതല്‍ ഒരു ശതമാനം വരെയായിരുന്നു വില വര്‍ദ്ധനവ്.
ചെറിയ വിലയുള്ള സാധനങ്ങള്‍ക്ക് വലിയ വില കയറിയില്ലെങ്കിലും പല അത്യാവശ്യ സാധനങ്ങളുടെയും വില വര്‍ദ്ധിച്ചിരുന്നു. കോവിഡും ലോക്ക്ഡൗണും വരുമാനം, തൊഴില്‍ എന്നിവയുടെ നഷ്ടം കാരണം സാമ്ബത്തിക പ്രതിസന്ധിയില്‍ പെട്ടുഴലുന്ന സമൂഹത്തില്‍ ചെറിയൊരു ആശ്വാസം പ്രളയ സെസ് അവസാനിക്കുന്നതിലൂടെ ഉണ്ടാകും. ആയിരത്തോളം സാധനങ്ങള്‍ക്കാണ് പ്രളയ സെസിലൂടെ വില വര്‍ധനവ് ഉണ്ടായത്.ജിഎസ്ടി സ്ലാബ് പ്രകാരം 12 ശതമാനം 18 ശതമാനം 28 ശതമാനം നിരക്ക് ഈടാക്കുന്നവയ്ക്കാണ് പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. അഞ്ച് ശതമാനം വരെ ജിഎസ്ടി വരുന്ന ഉല്‍പ്പന്നങ്ങളെ പ്രളയ സെസ്സില്‍ നിന്നും ഒഴിവാക്കിയിരുന്നു. അതിനാല്‍ അരി, പഞ്ചസാര തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്ക് ഇത് ബാധകമായിരുന്നില്ല.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വിറ്റഴിക്കുന്ന പ്രധാനപ്പെട്ട സമയങ്ങളിലൊന്നാണ് മലയാളത്തിലെ ചിങ്ങമാസം. ഇംഗ്ലീഷ് മാസം കണക്കെടുത്താല്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി വരും. ഓണക്കാലവും കേരളത്തില്‍ കുടുതല്‍ വിവാഹങ്ങള്‍ നടക്കുന്ന സമയങ്ങളിലൊന്നുമാണിത് എന്നതാണ് ഈ കാലയളവ് സ്വര്‍ണ വിപണിയെ സജീവമാക്കുന്ന ഘടകം. പ്രളയ സെസ് കുറച്ചത് വഴി സ്വര്‍ണത്തിന് വിലയില്‍ നേരിയ കുറവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. കാല്‍ശതമാനമാണ് സ്വര്‍ണത്തിനും വെള്ളിക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രളയ സെസ്. വില വര്‍ധിച്ച് നില്‍ക്കുന്ന ഇവയ്ക്ക് ഈ സമയത്ത് പ്രളയസെസ് ഒഴിവാക്കുന്നതിലൂടെ കാല്‍ശതമാനം വിലക്കുറവ് വഴി വാങ്ങുന്നവര്‍ക്ക് നല്ലൊരു തുകയുടെ വിലക്കുറവ് ലഭ്യമാകും.
സ്വര്‍ണത്തിന് പുറമെ കാര്‍, മോട്ടോര്‍ സൈക്കിള്‍, മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍, ലാപ് ടോപ്, മോണിറ്റര്‍, ടയര്‍, വാച്ച്, ക്ലോക്ക്, ഫാന്‍, വാഷിങ് മെഷീന്‍, മൈക്രോവേവ് അവന്‍, ഐസ് ക്രീം, ബിസ്കറ്റ്, കണ്ണട, ചെരിപ്പ്, മാര്‍ബിള്‍, പൈപ്പ്, എല്‍ ഇ ടി ബള്‍ബ്, സിമന്റ്, മാര്‍ബിള്‍, ടൈല്‍, സ്റ്റീല്‍ പാത്രങ്ങള്‍, ആയിരം രൂപയ്ക്ക് മേല്‍ വിലയുള്ള തുണികള്‍, പെര്‍ഫ്യൂം, ഹോട്ടല്‍ മുറിവാടക, ഫോണ്‍ ബില്‍, റീച്ചാര്‍ജ്, ഇന്‍ഷ്വറന്‍സ്, മിക്സി, വാച്ച്, വാട്ടര്‍ ഹീറ്റര്‍, എയര്‍ കണ്ടീഷന്‍, ശുചിമുറി ഉപകരണങ്ങള്‍, സിഗരറ്റ്, പാന്‍ മസാല ഉല്‍പ്പന്നങ്ങള്‍ എന്നിവയ്കൊക്കെ ഒരു ശതമാനം വരെ വില കുറയും.