കേരളം
തദ്ദേശ സ്ഥാപനങ്ങളുടെ ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ അഞ്ചുശതമാനം കടമുറികള്‍ സ്ത്രീകള്‍ക്ക് നല്കാൻ സര്‍ക്കാര്‍ തീരുമാനം
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലെ ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ അഞ്ച് ശതമാനം കടമുറികള്‍ സ്ത്രീകള്‍ക്ക് മാറ്റിവയ്ക്കാന്‍ മന്ത്രി എം വി ഗോവിന്ദന്റെ നിര്‍ദേശം. തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വ്യവസായ പാര്‍ക്കുകളിലും ഈ ഉത്തരവ് ബാധകമാണെന്നും മന്ത്രി അറിയിച്ചു.
അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരായ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സാമ്പത്തികമായി സ്വയം പര്യാപ്തരാക്കുന്നതിനുമായുള്ള ഇടപെടലുകളുടെ ഭാഗമായാണ് നടപടി. രാജ്യത്ത് തന്നെ ആദ്യമായാണ് ഷോപ്പിംഗ് കോംപ്ലക്‌സുകളിലെ കടമുറികളില്‍ വനിതാ സംരംഭകര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍, ഒഴിവ് വരുന്ന ക്രമത്തില്‍ നിശ്ചിത ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കടമുറികള്‍ വാടകയ്ക്ക് നല്‍കുമ്പോള്‍ 10 ശതമാനം പട്ടികജാതി,പട്ടിക വര്‍ഗ്ഗക്കാര്‍ക്കും 3 ശതമാനം വികലാംഗര്‍ക്കും നിലവില്‍ നീക്കിവയ്ക്കുന്നുണ്ട്.
ഇതിന് പുറമേയാണ് 5 ശതമാനം കടമുറികള്‍ സ്ത്രീകള്‍ക്ക് മാറ്റിവയ്ക്കുന്നത്. അതേസമയം ഇതിന്റെ മറവില്‍ ബിനാമി കച്ചവടം നടക്കുന്നില്ലെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. മുറി അനുവദിക്കുന്നതില്‍ കുടുംബശ്രീ ഓക്‌സിലറി യൂണിറ്റുകള്‍ക്ക് ഉള്‍പ്പെടെ മുന്‍ഗണന നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.