കേരളം
‘അഞ്ച് പതിറ്റാണ്ട്, കിരണ്‍ ബേദിയുടെ ആ ചരിത്രം തിരുത്തി മലയാളി’; അഭിനന്ദിച്ച് മന്ത്രി
റിപ്പബ്ലിക് ദിന പരേഡില്‍ ദില്ലി പൊലീസിനെ രണ്ടുതവണ നയിച്ച ആദ്യ വനിതയായ ഇരിങ്ങാലക്കുട സ്വദേശിനിയായ ഐപിഎസ് ഉദ്യോഗസ്ഥ ശ്വേത കെ. സുഗതനെ അഭിനന്ദിച്ച് മന്ത്രി ആര്‍ ബിന്ദു. രാജ്യമനസിലും പുതു ചരിത്രത്തിലേക്കുമാണ് ശ്വേത മാര്‍ച്ചു ചെയ്തതെന്നും അഞ്ചു പതിറ്റാണ്ടു മുന്‍പ് കിരണ്‍ ബേദി കുറിച്ച ചരിത്രമാണ് ഇത്തവണ ശ്വേത തിരുത്തിക്കുറിച്ചതെന്നും മന്ത്രി ബിന്ദു പറഞ്ഞു.
‘1975ലെ പരേഡില്‍ ദില്ലി പൊലീസ് സംഘത്തെ നയിച്ച രാജ്യത്തെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ കിരണ്‍ ബേദിയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് ശ്വേത പരേഡില്‍ പുരുഷ സംഘത്തെ നയിച്ച് ചരിത്രത്തില്‍ ഇടം പിടിച്ചത്. കിരണ്‍ ബേദിക്ക് ശേഷം 28 വര്‍ഷത്തിനിടെ ഒരു സംഘത്തെ നയിക്കുന്ന ആദ്യ വനിതയുമായി.’ ഇത്തവണ വനിതാ സംഘത്തെയാണ് ശ്വേത പ്രതിനിധീകരിച്ചതെന്നും മന്ത്രി ബിന്ദു പറഞ്ഞു.
മന്ത്രി ബിന്ദുവിന്റെ കുറിപ്പ്: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ഡല്‍ഹി പോലീസ് കണ്ടിജെന്റിനെ നയിച്ചുകൊണ്ട് കേരളത്തിനും ഇരിങ്ങാലക്കുടയ്ക്കും അഭിമാനമായി മാറിയിരിക്കുകയാണ് ശ്വേത കെ. സുഗതന്‍ ഐ പി എസ്. രാജ്യമനസ്സിലും പുതു ചരിത്രത്തിലേക്കുമായിരുന്നു മലയാളിയായ ശ്വേത മാര്‍ച്ചു ചെയ്തത്. അഞ്ചു പതിറ്റാണ്ടുമുമ്പ് അന്നത്തെ ‘രാജ്പഥി’ല്‍ കിരണ്‍ ബേദി കുറിച്ച ചരിത്രമാണ് ഇക്കുറി ‘കര്‍ത്തവ്യപഥി’ല്‍ ശ്വേത തിരുത്തിക്കുറിച്ചത്.
1975ലെ പരേഡില്‍ ഡല്‍ഹി പോലീസ് സംഘത്തെ നയിച്ച രാജ്യത്തെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ കിരണ്‍ ബേദിയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് ശ്വേത പരേഡില്‍ പുരുഷ സംഘത്തെ നയിച്ച് ചരിത്രത്തില്‍ ഇടംപിടിച്ചത്. കിരണ്‍ ബേദിക്ക് ശേഷം 28 വര്‍ഷത്തിനിടെ ഒരു സംഘത്തെ നയിക്കുന്ന ആദ്യ വനിതയുമായി. ഇത്തവണ വനിതാ സംഘത്തെയാണ് ശ്വേത പ്രതിനിധീകരിച്ചത്. ഇതോടെ പരേഡില്‍ ഡല്‍ഹി പോലീസിനെ രണ്ടുതവണ നയിച്ച ആദ്യ വനിതയായി മാറിയിരിക്കുകയാണ് ഇരിങ്ങാലക്കുട ആളൂര്‍ പഞ്ചായത്തിലെ താഴേക്കാട് സ്വദേശിനിയായ ഈ ഐ.പി.എസ് ഉദ്യോഗസ്ഥ. ഡെപ്യൂട്ടി പോസ്റ്റ് മാസ്റ്ററായി വിരമിച്ച കെ.എസ്. സുഗതന്റെയും ബിന്ദുവിന്റെയും മൂത്തമകളാണ് ശ്വേത. ചരിത്രം കുറിച്ച് നാടിന്റെ പേരുയര്‍ത്തിയ ശ്വേതയ്ക്ക് എല്ലാ അനുമോദനങ്ങളും.