കേരളം
പടക്ക വില്പനശാലയിലെ അപകടം; പരിക്കേറ്റ ഉടമസ്ഥൻ മരിച്ചു
തിരുവനന്തപുരം പാലോട് നന്ദിയോട് ആലംപാറയിൽ പടക്ക വില്‍പനശാലക്ക് തീ പിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉടമസ്ഥൻ മരിച്ചു. പടക്ക കടയുടെ ഉടമസ്ഥൻ ഷിബു ആണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരണം. 70 ശതമാനം പൊള്ളലേറ്റ ഷിബുവിനെ ഇന്നലെ രാവിലെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഷിബുവിൻ്റെ ഭാര്യ മഞ്ജുവിൻ്റെ പേരിലാണ് കടയുടെ ലൈസന്‍സ് എങ്കിലും ഷിബുവാണ് കട നടത്തിയിരുന്നത്. പടക്ക നിര്‍മാണത്തിനും വില്പനക്കും ഇവര്‍ക്ക് ലൈസന്‍സ് ഉണ്ട്. അതേസമയം പരിശോധനയിൽ അളവില്‍ കൂടുതല്‍ പടക്കം ഷെഡില്‍ ഉള്ളതായി കണ്ടെത്തിയിരുന്നു.
ഇന്നലെ രാവിലെയായിരുന്നു സംഭവം. ആലംപാറയിൽ പ്രവർത്തിക്കുന്ന ശ്രീമുരുക പടക്ക വിൽപ്പന ശാലയിലാണ് തീ പിടിത്തമുണ്ടായത്. ഷിബുവും ഭാര്യയും താമസിക്കുന്ന വീടിന് അൽപ്പം അകലെയാണ് ഗോഡൌൺ പ്രവർത്തിച്ചിരുന്നത്. സംഭവം നടക്കുന്ന സമയത്ത് ഉടമസ്ഥൻ മാത്രമായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നത്.
ബുധനാഴ്ച രാവിലെയുണ്ടായ സ്ഫോടനം ഗ്രാമത്തെ മണിക്കൂറുകളോളം മുൾമുനയിലാക്കി. സ്ഫോടനത്തിൽ പ്രദേശത്തെ നിരവധി വീടുകളുടെ ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ചു. 5 കിലോമീറ്റർ അകലെ വരെ സ്ഫോടനശബ്ദം കേട്ടെന്നു പ്രദേശവാസികൾ പറഞ്ഞു.
അഗ്നിരക്ഷാസേനയും പൊലീസും ചേർന്നാണു തീയണച്ചത്. സ്ഫോടനശബ്ദം കേട്ട് ദൂരെ നിന്നുള്ളവരടക്കം നന്ദിയോട്ടിലേക്കു കുതിച്ചെത്തി. വീണ്ടും സ്ഫോടനം ഉണ്ടാകുമോയെന്ന സംശയത്താൽ പ്രയാസപ്പെട്ടാണു ജനക്കൂട്ടത്തെ പൊലീസ് നിയന്ത്രിച്ചത്. പടക്കശാലയുടെ മുന്നിൽ 3 ദിവസം മുൻപു ഷിബു പുതിയ ഷെഡ് പണിതിരുന്നു.
ഈ ഷെഡ് സ്ഫോടനത്തിൽ തകർന്നു. പുലിയൂരിലെ മറ്റൊരു പടക്കനിർമാണ കേന്ദ്രത്തിൽനിന്ന് നന്ദിയോട്ടേക്കു മരുന്ന് കൊണ്ടുപോകുമെന്ന് ഷിബു പറഞ്ഞിരുന്നതായി ഭാര്യ അറിയിച്ചു. ഈ മരുന്ന് ചേർക്കുന്ന സമയത്തുണ്ടായ പ്രശ്നമോ ഷോർട് സർക്യൂട്ടോ ആകാം സ്ഫോടനത്തിനു പിന്നിലെന്നാണു പ്രാഥമിക നിഗമനം.