ദേശീയം
മുംബൈയിലെ കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം; മരണസംഖ്യ ആറായി
മുംബൈയിലെ കൊവിഡ് ആശുപത്രിയില്‍ തീപിടിത്തിൽ മരണസംഖ്യ ആറായി. ഡ്രീംസ് മാൾ സൺറൈസ് ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 12:30 ഓടെയാണ് തീപിടിത്തമുണ്ടായത്. . 70ഓളം പേരെ രക്ഷപ്പെടുത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
എന്നാൽ മരണമടഞ്ഞവർ കൊവിഡ് മൂലമാണ് മരിച്ചതെന്നും അഗ്നിബാധയെ തുടർന്നല്ലെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മറ്റ് രോഗങ്ങൾക്ക് ചികിത്സയിലായിരുന്നവരെ ഫോർട്ടിസ് ആശുപത്രിയിലേക്ക് മാറ്റിയതായും സൺറൈസ് ആശുപത്രി അധികൃതർ പറഞ്ഞു.
ആശുപത്രി ഉൾപ്പെട്ട ഡ്രീംമാളിലെ ഒന്നാം നിലയിലാണ് തീ ആദ്യം കണ്ടത്. തുടർന്ന് ആശുപത്രിയിലേക്ക് പടരുകയായിരുന്നു. ആകെ 76 പേരായിരുന്നു ആശുപത്രിയിലുണ്ടായിരുന്നത്. ഇതിൽ 73 പേരും കൊവിഡ് രോഗികളായിരുന്നു.23 അഗ്നിരക്ഷാ സേന യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
നഗരത്തിൽ കൊവിഡ് പ്രതിദിനം വർദ്ധിച്ചുവരുന്ന സമയത്തുണ്ടായ അഗ്നിബാധ നഗരവാസികളെ ആശങ്കയിലാക്കി. തീപിടിത്തത്തിന് കാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ വിപുലമായ അന്വേഷണമുണ്ടാകുമെന്ന് മുംബയ് മേയർ കിശോരി പെഡ്നേക്കർ അഭിപ്രായപ്പെട്ടു.