കേരളം
മലമ്പുഴ ആശുപത്രി മാലിന്യ പ്ലാൻ്റിലെ തീ അണയ്ക്കാനായില്ല, കത്തി തീരും വരെ കാക്കണമെന്ന് ഫയർഫോഴ്സ്
പാലക്കാട് മലമ്പുഴയിലെ ആശുപത്രി മാലിന്യ പ്ലാൻ്റിൽ ഉണ്ടായ തീ അണയ്ക്കാനായില്ല. വെള്ളമൊഴിച്ച് തീ കെടുത്താനുള്ള ശ്രമം ഉപേക്ഷിച്ചു. തീ പിടുത്തം ഉണ്ടായ സ്ഥലത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മുഴുവൻ കത്തി തീരുക മാത്രമാണ് വഴിയെന്നാണ് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ പറയുന്നത്. ഇന്ന് രാത്രിയോ നാളെയോ മാത്രമേ മാലിന്യം പൂർണമായും കത്തി തീരൂവെന്നാണ് ഫയർഫോഴ്സ് അനുമാനിക്കുന്നത്.
ഐഎംഎയുടെ ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റായ മലമ്പുഴ കരടിയോട് ചേമ്പനയിലെ “ഇമേജി’ലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. പ്ലാസ്റ്റിക് മാലിന്യങ്ങളിലേക്ക് തീ പടർന്നതോടെയാണ് സ്ഥിതി കൈവിട്ട് പോയത്. പാലക്കാട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി ഒമ്പത് യൂണിറ്റുകളെത്തി ശ്രമിച്ചിട്ടും തീ അണയ്ക്കാനായില്ല.
തീപിടുത്തത്തിൽ അട്ടിമറിയുണ്ടെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ രംഗത്തെത്തിയിരുന്നു.
മാലിന്യ കേന്ദ്രത്തിനെതിരെ മലമ്പുഴ, പാലക്കാട് എംഎൽഎമാരും രംഗത്ത് വന്നിരുന്നു. തീ പിടുത്തിന് കാരണം മാലിന്യ സംസ്കാരണ പ്ലാന്റിന്റെ ഭാഗത്തുണ്ടായ വീഴ്ച്ചയാണെന്നാണ് കോൺഗ്രസ്, സിപിഎം നേതാക്കൾ കുറ്റപ്പെടുത്തുന്നത്. സംസ്കരിക്കാവുന്നതിലധികം മാലിന്യങ്ങൾ പ്ലാന്റിൽ ഉണ്ടായിരുന്നുവെന്നും ഇതാണ് വലിയ തീ പിടുത്തത്തിലേക്ക് നയിച്ചതെന്നുമാണ് കുറ്റപ്പെടുത്തൽ.