കേരളം
തിരുവനന്തപുരം ചാലയിൽ തീപിടുത്തം
Latest update – 06:35pm തീ നിയന്ത്രണവിധേയം…
തിരുവനന്തപുരം ചാല മാർക്കറ്റിൽ തീപിടുത്തം. കളിപ്പാട്ടങ്ങൾ ഹോൾസെയിലായി വിൽക്കുന്ന മഹാദേവ ടോയ്സിലാണ് തീപിടുത്തം ഉണ്ടായത്. കടയുടെ രണ്ടാം നിലയാണ് അഗ്നിക്കിരയായത്. തീയണക്കാൻ ഫയർ ഫോഴ്സിൻ്റെ ശ്രമം തുടരുകയാണ്. തിരുവനന്തപുരം പത്മനാഭ തീയറ്ററിന് സമീപത്താണ് അപകടം നടന്നത്.
ലോക്ക്ഡൗൺ ആയതിനാൽ കട അടഞ്ഞുകിടക്കുകയായിരുന്നു. അതുകൊണ്ട് വലിയ ഒരു അത്യാഹിതമാണ് ഒഴിവായത്. അടുത്തടുത്ത് കടകൾ ഉള്ളതിനാൽ അപകട സാധ്യതയുണ്ടെന്ന് ഫയർ ഫോഴ്സ് പറയുന്നു.
നാല് യൂണിറ്റ് ഫയർഫോഴ്സുകളാണ് എത്തിയിട്ടുള്ളത്. തീപിടുത്തത്തിനുള്ള കാരണം എന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ ഒരു ജീവനക്കാരൻ ഉണ്ടായിരുന്നതായി സ്ഥലത്തെ ചുമട്ടുതൊഴിലാളികൾ പറഞ്ഞു.
എന്നാൽ ആളപായമില്ലെന്ന് ഫയർ ഫോഴ്സ് സംഘം അറിയിച്ചിട്ടുണ്ട്. തീപിടിച്ച കടയുടെ തൊട്ടുതാഴെ തുണിക്കടയാണ്. വശങ്ങളിൽ വേറെയും കടകൾ ഉണ്ട്. തീ പടരാതിരിക്കാനുള്ള കഠിനാധ്വാനത്തിലാണ് ഫയർ ഫോഴ്സ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മേയർ ആര്യാ രാജേന്ദ്രൻ, കെട്ടിടം അനധികൃതമായി പണിതതാണോയെന്ന് അന്വേഷിക്കുമെന്ന് പറഞ്ഞു. മുൻ മേയറും എംഎൽഎയുമായ വികെ പ്രശാന്തും സ്ഥലത്തെത്തി.
തീ നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്ന് അദ്ദേഹം അറിയിച്ചു.