കേരളം
ആഭ്യന്തര ഉല്‍പാദനത്തില്‍ വളര്‍ച്ച ; സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍

സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച 6.6 ശതമാനമായി ഉയര്‍ന്നതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണിതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ വച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തില്‍ നേരിയ ആശ്വാസം നല്‍കുന്നതാണ് റിപ്പോര്‍ട്ട്. റവന്യൂ കമ്മിയും ധനകമ്മിയും കുറഞ്ഞിട്ടുണ്ട്. റവന്യൂ കമ്മി 0.88 ശതമാനമായാണ് കുറഞ്ഞത്. ധനക്കമ്മി 2.44 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം റവന്യൂ വരുമാനത്തില്‍ നേരിയ വര്‍ധനയും രേഖപ്പെടുത്തി. 12.48 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 12.69 ശതമാനമായി ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.തനത് നികുതി വരുമാനത്തിലും വര്‍ധനയുണ്ട്. തനത് നികുതി വരുമാനം കഴിഞ്ഞവര്‍ഷം 22.41 ശതമാനമായിരുന്നത് ഇത്തവണ 23.36 ശതമാനമായി കൂടിയിട്ടുണ്ട്. കേന്ദ്രവിഹിതത്തില്‍ 4.6 ശതമാനത്തിന്റെ കുറവുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
പൊതുകടം കൂടിയിട്ടുണ്ടെങ്കിലും വാര്‍ഷിക വളര്‍ച്ചാനിരക്ക് കുറഞ്ഞു. 10.16 ശതമാനത്തില്‍ നിന്ന് 8. 19 ശതമാനമായി വളര്‍ച്ചാനിരക്കില്‍ കുറവുണ്ടായിട്ടുണ്ട്. പൊതുകടം 2,38,000.96 കോടി രൂപയായും ആഭ്യന്തര കടം 2,27,137.08 കോടിയായും വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.