കേരളം
നിയമസഭയിലെ കയ്യാങ്കളി; കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി
നിയമസഭാ കയ്യാങ്കളിക്കേസിൽ സർക്കാരിന് തിരിച്ചടി. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതോടെ മന്ത്രി കെ.ടി ജലീൽ, ഇ.പി ജയരാജൻ ഉൾപ്പെടെയുള്ളവർ വിചാരണ നേരിടണം.
കേസുമായി ബന്ധപ്പെട്ട് അന്നത്തെ എംഎൽഎമാരായ കെ.ടി ജലീൽ, ഇ.പി ജയരാജൻ, വി. ശിവൻകുട്ടി, സദാശിവൻ എന്നിവരുൾപ്പെടെ ആറ് പേർക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ കോടതിയിൽ നടപടികൾ ആരംഭിച്ചതോടെയാണ് ഹർജിയുമായി സർക്കാർ കോടതിയെ സമീപിച്ചത്. നേരത്തെ വിചാരണ കോടതിയിലും സർക്കാർ സമാന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് തള്ളിയതിനെ തുടർന്നാണ് റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
പൊതുമുതൽ നശിപ്പിച്ച കേസ് നിലനിൽക്കുമെന്നും, കേസ് പിൻവലിക്കാൻ ആവശ്യപ്പെടാൻ സർക്കാരിന് കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. കേസിലെ പ്രതികൾ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ ഭരണ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് നിയമസഭയിൽ കയ്യാങ്കളി ഉണ്ടായത്. സംഭവത്തിൽ പ്രതികൾ രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.