കേരളം
വെട്ടിനശിപ്പിച്ച കുലച്ച വാഴകൾക്ക് നഷ്ടപരിഹാരം, സര്‍ക്കാര്‍ തീരുമാനത്തിൽ പ്രതികരിച്ച് കര്ഷകൻ തോമസ്
കോതമംഗലം വാരപ്പെട്ടിയിൽ കെഎസ്ഇബി ഉദ്യോഗസ്ഥര്‍, കുലച്ച വാഴകൾ വെട്ടിനശിപ്പിച്ചതിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ടെന്ന് കര്ഷകൻ തോമസ്. ഇതിനായി മുൻകൈയെടുത്ത മന്ത്രിമാര്‍ക്കും പിന്തുണച്ച എല്ലാവര്ക്കും നന്ദിയെന്നും കാവുംപുറം തോമസ് പ്രതികരിച്ചു. നശിപ്പിച്ച 406 വാഴകള്‍ക്ക് നഷ്ടപരിഹാരമായി മൂന്നര ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇക്കാര്യം കൃഷിമന്ത്രി തന്നെ വിളിച്ചറിയിച്ചെന്നും തോമസ് പറഞ്ഞു.
കോതമംഗലം വാരപ്പെട്ടിയിലാണ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുമെന്ന കാരണം പറഞ്ഞ് 220 കെ വി ലൈനിന് താഴെയുള്ള ഭൂമിയിലെ വാഴകൃഷി കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടി നശിപ്പിച്ചത്. ലൈൻ തകരാർ പരിഹരിക്കുന്നതിന് വേണ്ടിയെന്ന് കാരണം പറഞ്ഞാണ് വൈദ്യുതി വകുപ്പ് ജീവനക്കാർ കുലച്ച വാഴകൾ വെട്ടിയത്. വാരപ്പെട്ടിയിലെ കാവുംപുറം തോമസിന്റെ 406 വാഴകളാണ് വാഴയില തട്ടി ലൈൻ തകരാറായെന്ന കാരണം ചൂണ്ടിക്കാട്ടി കെ എസ് ഇ ബി വെട്ടിക്കളഞ്ഞത്.
തോമസ്സിന്റെയും മകൻ അനീഷിന്റെയും പത്ത് മാസക്കാലത്തെ അദ്ധ്വാനമാണ് നിർദാക്ഷിണ്യം കെഎസ്ഇബി വെട്ടിനശിപ്പിച്ചത്. കൃഷിയിറക്കിയ ഒരേക്കറിൽ അര ഏക്കറോളം സ്ഥലത്തെ വാഴകളും നശിപ്പിക്കപ്പെട്ടു. ഓണവിപണി മുന്നിൽ കണ്ട് ഇറക്കിയ വിളവ് ഒരു മുന്നറിയിപ്പ് പോലും നൽകാതെയാണ് നശിപ്പിച്ചത്. കെഎസ്ഇബിയുടെ നടപടിയിൽ നാല് ലക്ഷം രൂപയുടെ നഷ്ടമെന്നായിരുന്നു കർഷകൻ പറഞ്ഞത്.
കെഎസ്ഇബിയുടെ വാഴ വെട്ടൽ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, 15 ദിവസത്തിനകം വിശദീകരണം നൽകണം
ഇടുക്കി കോതമംഗലം 220 കെ വി ലൈൻ തകരാറിയപ്പോൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് വാഴകൃഷി വെട്ടിയതെന്നാണ് കെഎസ്ഇബി വിശദീകരണം. കാറ്റടിച്ചപ്പോൾ തോമസ്സിന്റെ വാഴയുടെ ഇലകള്‍ ലൈനിന് സമീപം എത്തി ചില വാഴകള്‍ക്ക് തീ പിടിച്ചു. പരിശോധനയിൽ സമീപവാസിയായ ഒരു സ്ത്രീയ്ക്ക് ചെറിയ തോതില്‍ വൈദ്യുതാഘാതം ഏറ്റതായും മനസ്സിലാക്കി. ഇടുക്കി-കോതമംഗലം 220 കെ വി ലൈന്‍ പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമായതിനാല്‍, മനുഷ്യ ജീവന് അപകടം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കി വാഴകള്‍ വെട്ടിമാറ്റി ലൈന്‍ ചാര്‍ജ് ചെയ്തു എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.