കേരളം
നിപ ബാധിതനായ കുട്ടിയുടെ ചികിത്സാ ചെലവ് താങ്ങാനാവാതെ കുടുംബം; ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നാവശ്യം
നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ചികിത്സാ ചെലവ് താങ്ങാനാവാതെ കുടുംബം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 9 വയസ്സുകാരന്റെ കുടുംബമാണ് സഹായം അഭ്യര്‍ത്ഥിക്കുന്നത്. ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നാണ് ആവശ്യം.
നിപ ബാധിച്ച് ആദ്യം മരിച്ച മുഹമ്മദലിയുടെ മകനാണ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. വെന്റിലേറ്ററില്‍ കഴിയുന്ന ഈ കുട്ടിയുടെ ചികിത്സയ്ക്കാണ് ബന്ധപ്പെട്ടവര്‍ സഹായം അഭ്യര്‍ത്ഥിക്കുന്നത്. ഒരാഴ്ചത്തെ ചികിത്സ ചെലവ് 5 ലക്ഷത്തോളം രൂപ വന്നതായി കുടുംബം പറയുന്നു. മുഹമ്മദലിയുടെ വിയോഗത്തിന്റെ വേദനയിലാണ് കുടുംബം. ഇതിനൊപ്പം മകന്‍ 9 വയസ്സുകാരന്റെ ഭാരിച്ച ചികിത്സാ ചെലവ് കുടുംബത്തെ ദുരിതത്തിലാക്കുന്നു. വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുമെന്ന് തിരുവള്ളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എഫ് എം മുനീര്‍ പറഞ്ഞു.
നിലവില്‍ നാലുപേരാണ് നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്. മൂന്നുപേര്‍ സ്വകാര്യ ആശുപത്രികളിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആണ്. സ്വകാര്യ ആശുപത്രികളില്‍ കഴിയുന്നവരുടെ ചികിത്സ സൗജന്യമാക്കാന്‍ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഇടപെടണമെന്നാണ് ആവശ്യം.