കേരളം
വ്യാജ പ്രചാരണം നടത്തി ആരോഗ്യ മേഖലയെപ്പറ്റി തെറ്റിദ്ധാരണ പരത്തുന്നു: മുഖ്യമന്ത്രി
വ്യാജ പ്രചാരണത്തിലൂടെ കേരളത്തിന്റെ ആരോഗ്യ രംഗത്തെപ്പറ്റി ജനങ്ങളില്‍ തെറ്റിദ്ധാരണ വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കടന്നപ്പള്ളി ഉള്‍പ്പെടെ 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമായ കരുതലുകളോടെ തന്നെയാണ് കേരളം മുന്നോട്ടുപോകുന്നത്. കൊവിഡിനെതിരെയുള്ള പോരാട്ടം തുടങ്ങിയിട്ട് 9 മാസമാകുന്നു. ആദ്യഘട്ടം വിജയകരമായി പ്രതിരോധിച്ചു.
ഒരു കുറ്റവും കണ്ടെത്താനാകാതെ വിറളി കൊള്ളുന്നവര്‍ ജനങ്ങളെ ആരോഗ്യ മേഖലയ്ക്ക് എതിരാക്കാന്‍ ശ്രമിക്കുന്നു. രോഗികളുടെ എണ്ണം വര്‍ധിച്ചു വരുമ്പോള്‍ മരണനിരക്കും ഉയരാനിടയുണ്ട്. ഇനിയങ്ങോട്ടുള്ള ദിനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. കോവിഡ് നിയന്ത്രണം തിരിച്ചുപിടിക്കണം. ജാഗ്രതക്കുറവ് പാടില്ല. മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യരംഗത്ത് ഒരുമയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ജനന മരണ നിരക്ക്, കുറഞ്ഞ മാതൃ-ശിശു മരണനിരക്ക്, ചെലവ് കുറഞ്ഞ ആരോഗ്യ സേവനങ്ങള്‍ എന്നിവയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തെ വ്യത്യസ്തമാക്കുന്നത്.
ലോക ശ്രദ്ധയാകര്‍ഷിക്കുന്ന പൊതുജനാരോഗ്യ സംവിധാനം ഇവിടെയുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ നിസ്തുലമായ പങ്കാണ് വഹിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്. ഒന്നും രണ്ടും ഘട്ടങ്ങളിലായി 386 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജമാക്കി കഴിഞ്ഞു. എഴുപതോളം കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.
കണ്ണൂര്‍ ജില്ലയില്‍ കടന്നപ്പള്ളിയിലെ കണ്ടോന്താര്‍ കുടുംബാരോഗ്യ കേന്ദ്രമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ന്നതോടെ പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങളാണ് ലഭ്യമാക്കുക.
1974 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ആശുപത്രി ഗ്രാമപഞ്ചായത്ത് 2012-ല്‍ നിര്‍മ്മിച്ച കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ടി.വി രാജേഷ് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപയും, ഗ്രാമപഞ്ചായത്തിന്റെ 28 ലക്ഷം രൂപയും ആരോഗ്യ വകുപ്പിന്റെ 15 ലക്ഷം രൂപയും ഉള്‍പ്പടെ 78 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനമാണിവിടെ നടത്തിയത്. പുതിയ പരിശോധന മുറി, ലാബോറട്ടറി, രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കുള്ള കാത്തിരിപ്പ് കേന്ദ്രം, കോണ്‍ഫറന്‍സ് ഹാള്‍, ഫീഡിങ് റൂം, ടോയ്‌ലറ്റ്, ഗാര്‍ഡന്‍, പാര്‍ക്കിംഗ് ഏരിയ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ഡോക്ടറുടെയും, രണ്ട് സ്റ്റാഫ് നഴ്‌സിന്റെയും അധിക തസ്തിക അനുവദിച്ചു.
ഗ്രാമപഞ്ചായത്ത് ഒരു ഡോക്ടറെയും ഒരു ഫാര്‍മസിസ്റ്റിനെയും നിയമിച്ചു. നിലവില്‍ മൂന്ന് ഡോക്ടര്‍മാരുടെയും, നാല് സ്റ്റാഫ് നഴ്‌സ്, രണ്ട് ഫാര്‍മസിസ്റ്റ് എന്നിവരുടെ സേവനം ലഭിക്കും. മാര്‍ച്ച് മുതല്‍ സായാഹ്ന ഒ.പിയുടെ പ്രവര്‍ത്തനവും ആരംഭിച്ചു. രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്.
ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അധ്യക്ഷയായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ പങ്കെടുത്തു. കടന്നപ്പള്ളിയില്‍ ടി.വി രാജേഷ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ലത, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ബാലകൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. ഇ. മോഹനന്‍, ഡി.പി.എം അനില്‍കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. മനേഷ്, ഡോ. കെ.സി സച്ചിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.