കേരളം
കെ.എസ്.ഇ.ബി.യുടേ പേരിൽ വ്യാജ എൽ.ഇ.ഡി. ബൾബുകൾ നൽകി തട്ടിപ്പ്
കെ.എസ്.ഇ.ബി. യിൽ നിന്ന് എന്ന വ്യാജേന ഒന്നിന് ₹ 75 നിരക്കിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിലർ ഗുണനിലവാരമില്ലാത്ത LED ബൾബുകൾ വിതരണം ചെയ്ത് പൊതു ജനങ്ങളെ വഞ്ചിക്കുന്നുണ്ട്. ശ്രദ്ധിക്കുക, ഇത്തരം തട്ടിപ്പുകളിൽ അകപ്പെടാതിരിക്കുക.
കെ.എസ്.ഇ.ബി. ജീവനക്കാർ വീടുകളിൽ നേരിട്ടെത്തി കുറഞ്ഞ നിരക്കിൽ ബൾബുകൾ എത്തിക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് വ്യാജന്മാരും വീടുകളിൽ എത്തുന്നത്. കെ.എസ്.ഇ.ബി.യിലെ ജീവനക്കാരാണെന്നു പറഞ്ഞാണ് ഇവർ വീടുകളിൽ തട്ടിപ്പുമായി എത്തിയിരിക്കുന്നത്.
75 രൂപ നിരക്കിലാണ് തട്ടിപ്പുകാർ ബൾബുകൾ വിതരണം ചെയ്യുന്നത്. ഇത്തരം പരാതികൾ കൂടിയതോടെയാണ് കെ.എസ്.ഇ.ബി. തന്നെ മുന്നറിയിപ്പുമായി എത്തിയത്. നിലവാരമില്ലാത്ത ബൾബുകളാണ് ഇവർ വിതരണം ചെയ്യുന്നതെന്നും കെ.എസ്.ഇ.ബി. ഇതുവരെ എൽ.ഇ.ഡി. ബൾബുകൾ വിതരണം ചെയ്തു തുടങ്ങിയിട്ടില്ലെന്നുമാണ് അധികൃതർ പറയുന്നത്.
പണം നേരിട്ട് വാങ്ങാതെ, തുക കെ.എസ്.ഇ.ബി. ബില്ലിനോടൊപ്പം ചേർത്ത് വാങ്ങാനാണ് കെ.എസ്.ഇ.ബി. ആലോചിക്കുന്നത്. പണം നേരിട്ടു വാങ്ങുമ്പോൾത്തന്നെ ഇത് തട്ടിപ്പാണെന്ന് തിരിച്ചറിയണമെന്നും അധികൃതർ പറയുന്നു.
കെ.എസ്.ഇ.ബി. പുറത്തിറക്കുന്ന എൽ.ഇ.ഡി. ബൾബിൽ ലോഗോ ഉണ്ടായിരിക്കുമെന്നും ഇത് എല്ലാവരും പരിശോധിക്കണമെന്നും കെ.എസ്.ഇ.ബി. പി.ആർ.ഒ. പറഞ്ഞു. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെന്നു പറഞ്ഞ് എത്തുന്നവരിൽ സംശയം തോന്നിയാൽ ഇവരോട് തിരിച്ചറിയൽ കാർഡ് ചോദിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതർ പറഞ്ഞു.
Also read: വൈദ്യുതി കണക്ഷന് ഇനി രണ്ടു രേഖകള്‍ മാത്രം മതി: കെ.എസ്.ഇ.ബി
ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാ ണ് 65 രൂപ നിരക്കിൽ എൽ.ഇ.ഡി. ബൾബുകൾ നൽകുന്നത്. കെ.എസ്.ഇ.ബി.യുടെ കസ്റ്റമർ കെയർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത കുടുംബംങ്ങൾക്കാണ് ബൾബ് നൽകുന്നത്. ഇവയ്ക്ക് മൂന്നുവർഷം വരെ വാറന്റിയും നൽകുന്നുണ്ട്. എൽ.ഇ.ഡി. ബൾബുമായി എത്തുന്ന ജീവനക്കാർ ഉപയോഗിച്ച സി.എഫ്.എൽ. ബൾബുകൾ തിരിച്ചെടുക്കുകയും ചെയ്യും.