കേരളം
വോട്ടിങ് യന്ത്രങ്ങൾ വ്യാപകമായി പണി മുടക്കുന്നു; മുഖ്യമന്ത്രിയുടെ ബൂത്തിലും യന്ത്ര തകരാർ
മോക് പോളിങ് കാര്യമായ തകരാറുകളില്ലാതെ അവസാനിച്ചെങ്കിലും പോളിങ് തുടങ്ങിയതോടെ സ്ഥിതി മാറി. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വോട്ടിങ് മെഷീനുകളിൽ തകരാർ റിപ്പോർട്ട് ചെയ്തു. കോഴിക്കോട് സെന്റ് മൈക്കിൾ സ്കൂളിലെ ബൂത്തിലാണ് യന്ത്രത്തകരാർ കണ്ടെത്തിയത്. വോട്ടിംഗ് തുടങ്ങിയതിന് ശേഷമാണ് യന്ത്രത്തകരാർ കണ്ടെത്തിയത്.
തൃത്താല സ്ഥാനാർത്ഥി വിടി ബൽറാം വോട്ട് ചെയ്യുന്ന ഷൊർണൂരിലെ ബൂത്തിലും വോട്ടിങ് യന്ത്രത്തിൽ തകരാർ കണ്ടെത്തി. കൊല്ലം കുണ്ടറയിലെ പോളിങ് ബൂത്തിലും യന്ത്രത്തകരാർ റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്യുന്ന ധർമ്മടത്തെ പോളിങ് ബൂത്തിലും യന്ത്രത്തകരാർ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ നീണ്ട നിരയാണ് കാണുന്നത്. കനത്ത പോളിംഗ് സൂചനകളാണ് ഇതിലൂടെ വ്യക്തമാകുന്നത്. രാവിലെത്തന്നെ ബൂത്തുകളിലെത്തി വോട്ട് ചെയ്ത് തിരിച്ച് പോകാനുള്ള തിടുക്കത്തിലാണ് വോട്ടർമാർ. മന്ത്രിമാരും സ്ഥാനാർത്ഥികളും രാവിലത്തന്നെ വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്.