കേരളം
അപകടകാരികളായ തെരുവ് നായകൾക്ക് ദയാവധം; സുപ്രിംകോടതിയിൽ അപേക്ഷ നൽകി കണ്ണൂർ ജില്ലാ പഞ്ചായത്ത്
അപകടകാരികളായ തെരുവ് നായകൾക്ക് ദയാവധം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ അപേക്ഷ നൽകി കണ്ണൂർ ജില്ലാ പഞ്ചായത്ത്. കണ്ണൂരിൽ തെരുവുനായ ആക്രമണത്തിൽ മരിച്ച പതിനൊന്നുകാരൻ നിഹാൽ നൗഷാദിനെ അടക്കമുള്ളവരെ ചൂണ്ടിക്കാണിച്ചാണ് അപേക്ഷ നൽകിയത്. തെരുവ് നായ് അക്രമങ്ങൾ വർദ്ധിച്ചു വരുന്നതായും അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ജൂൺ 12 നു വൈകുന്നരമാണ് നിഹാലിനെ തെരുവുനായ്ക്കൾ ആക്രമിച്ചത്. ഭിന്നശേഷിക്കാരനായ നിഹാൽ വീടിന്റെ ഗെയിറ്റിന് പുറത്ത് ഇറങ്ങിയപ്പോൾ തെരുവ് നായകൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു. അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നാട്ടുകാർ നിഹാലിനെ കണ്ടെത്തിയത്. വീടിന്റെ 300 മീറ്റർ അകലെ ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു.
വീടിനടുത്തുള്ള കളിസ്ഥലത്തേക്ക് എത്തിയതായിരുന്നു നിഹാൽ. ഇതിനിടെയാണ് തെരുവുനായ ആക്രമണമുണ്ടായത്. മുഖത്തും ആഴത്തിലുള്ള മുറിവുകളുണ്ട്. കുട്ടിയെ ഏറെ നേരമായിട്ടും കാണാതായതോടെ നാട്ടുകാരും പൊലീസും ചേർന്നാണ് തിരച്ചിൽ നടത്തിയത്. വൈകിട്ട് അഞ്ചരയോടെ കാണാതായ നിഹാലിനെ രാത്രി 8:45നാണ് കണ്ടെത്തിയത്. സംസാരശേഷിയില്ലാത്ത കുട്ടിയായതിനാൽ ഉറക്കെ നിലവിളിക്കാൻ പോലും കുട്ടിക്കായില്ല.