കേരളം
ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ചു; സുഹൃത്തിനെ അരുംകൊല ചെയ്തത് മോഷണക്കേസിൽ പിടിക്കപ്പെടുമെന്നായതോടെ
എറണാകുളം പുല്ലേപ്പടി റെയിൽവേ ട്രാക്കിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മോഷണക്കേസിലെ തെളിവ് നശിപ്പിക്കാനാണ് കൊലചെയ്തതെന്നാണ് പിടിയിലായ പ്രതി പോലീസിന് നൽകിയ മൊഴി.
കൊല്ലപ്പെട്ട ജോബിയും ഫോർട്ടുകൊച്ചി മാനാശേരി സ്വദേശി ഡിനോയും ചേർന്ന് പുതുവത്സര ദിനത്തിൽ എളമക്കരയിലെ ഒരു വീട് കുത്തി തുറന്ന് 37 പവൻ സ്വർണം മോഷ്ടിച്ചിരുന്നു. കൊല്ലപ്പെട്ട ജോബി മോഷണത്തിനിടെ ഗ്ലൗസ് ധരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജോബിയുടെ വിരലടയാളം ശേഖരിച്ചിരുന്നു. അന്വേഷണത്തിനിടെ ജോബിയുടെ വിരലടയാളം ലഭിച്ചതിനാൽ പിടിക്കപ്പെടുമെന്നതിനാലാണ് മോഷണക്കേസിലെ കൂട്ടു പ്രതി ജോബിയെ കൊലപ്പെടുത്തിയതെന്നാണ് ഡിനോയുടെ മൊഴി.
പ്രതി ഡിനോയുടെ ബന്ധുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ബിജോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പെട്രോൾ വാങ്ങുന്നതിനും മറ്റുമായി പ്രതിയെ രണ്ട് പേർ സഹായിച്ചതായും എറണാകുളം സെൻട്രൽ സി ഐ വിജയശങ്കർ മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിലാണ് ജോബിയുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു. ട്രാക്കിലേക്ക് തലവെച്ച് പൂർണമായും കത്തിയ നിലയിലായിരുന്നു മൃതദേഹം.