കേരളം
യുഡിഎഫ് പരാതിയില്‍ നടപടി; എറണാകുളം തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറെ മാറ്റി
യുഡിഎഫിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലയിലെ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറെ മാറ്റി. അനിത കുമാരിയെ വയനാട്ടിലേക്കാണ് മാറ്റിയത്. വയനാട് ഡെപ്യൂട്ടി കളക്ടർ നിർമൽ കുമാറിനാണ് പുതിയ ചുമതല. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർക്കെതിരെ യുഡിഎഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. തൃക്കാക്കരയിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ടാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. യുഡിഎഫ് കൂട്ടിച്ചേർക്കാൻ നൽകിയ പുതിയ വോട്ടുകളിൽ ഭൂരിഭാഗവും തള്ളി എന്നായിരുന്നു യുഡിഎഫിന്റെ ആക്ഷേപം.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം – കോഴിക്കോട് ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍മാരെ പരസ്പരം മാറ്റുകയായിരുന്നു. 2011-ല്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തില്‍ നടപടി നേരിട്ടയാളെയാണ് പുതിയ ഇലക്ഷന് ഡെപ്യൂട്ടി കളക്ടറായി എറണാകുളത്ത് നിയമിച്ചിരിക്കുന്നത് എന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. ഭരണാനുകൂല സര്‍വീസ് സംഘടന നേതാവായ ഇവര്‍ക്ക് ഭരണകക്ഷി നേതാക്കളുമായി നേരിട്ട് ബന്ധമുണ്ട്.
ഈ സാഹചര്യത്തില്‍ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് യുഡിഎഫിന് വേണ്ടി നല്കിയ പരാതിയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. തൃക്കാക്കരയിൽ ആകെ എട്ട് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ബാലറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ പേര് ഒന്നാമതെത്തും. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫായിരിക്കും രണ്ടാമത്. മൂന്നാമതായി ബിജെപി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണനായിരിക്കും.
ഇടത് സ്ഥാനാർത്ഥി ജോ ജോസഫിന്റെ അപരനായി കരുതപ്പെടുന്ന ജോമോൻ ജോസഫ് ബാലറ്റിൽ അഞ്ചാമതാണ്. ഇദ്ദേഹത്തിന് അനുവദിച്ച ചിഹ്നം കരിമ്പ് കർഷകന്റേതാണ്. അനിൽ നായർ, ബോസ്കോ കളമശേരി, മന്മഥൻ, സിപി ദിലീപ് നായർ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവർ. മെയ് 31-നാണ് വോട്ടെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിന് വോട്ടെണ്ണൽ നടക്കും. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജൂണ്‍ അഞ്ചോടെ എല്ലാ തെരഞ്ഞെടുപ്പ് നടപടികളും പൂർത്തിയാക്കണം എന്നാണ് നിർദേശം.