കേരളം
കടൽക്കൊല കേസ് അവസാനിപ്പിച്ചു; 10 കോടി രൂപ കേരളത്തിന് കൈമാറും
മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ മറീനുകൾ വെടിവച്ചു കൊലപ്പെടുത്തിയ എൻറിക ലെക്സി കടൽക്കൊല കേസിലെ എല്ലാ നടപടികളും അവസാനിപ്പിച്ചതായി സുപ്രീം കോടതി. കേസിൽ നഷ്ടപരിഹാരമായി നൽകാനുള്ള 10 കോടി രൂപ ഇറ്റലി നൽകിയ സാഹചര്യത്തിൽ നടപടികൾ സുപ്രീം കോടതി അവസാനിപ്പിച്ചത്.
നഷ്ടപരിഹാരത്തുക കേരള ഹൈക്കോടതിക്ക് കൈമാറണമെന്നും നിർദേശം നൽകി. ഇതിൽ 4 കോടി രൂപ വീതം കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും 2 കോടി ബോട്ട് ഉടമയ്ക്കും നൽകണമെന്നാണ് നിർദേശം. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
2012 ഫെബ്രുവരി 15ന് 2 മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചുകൊന്നതാണ് കേസ്. കപ്പലിൽ സുരക്ഷാ ജോലി ചെയ്തിരുന്ന ഇറ്റാലിയൻ നാവികസേനാംഗങ്ങളായ സാൽവത്തോറെ ജിറോണിൻ, മസിമിലാനോ ലത്തോറെ എന്നിവരാണ് പ്രതികൾ. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും മറ്റും നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞ വർഷം മേയ് 21നാണ് ട്രൈബ്യൂണൽ വിധിച്ചത്.
സുപ്രീം കോടതിയിൽ 5 കേസുകളാണ് ഇതു സംബന്ധിച്ച് ഉണ്ടായിരുന്നത്. ഇവയെല്ലാം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. നഷ്ടപരിഹാരത്തുക ലഭിച്ചശേഷം തീരുമാനമെന്നാണ് കോടതി വ്യക്തമാക്കിയിരുന്നത്.
ഇറ്റലി കേന്ദ്ര സർക്കാരിനു നൽകിയ തുക കോടതിയിൽ അടച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ (എസ്ജി) തുഷാർ മേത്ത അറിയിച്ചതിനു പിന്നാലെയാണ് നടപടികളെല്ലാം അവസാനിപ്പിച്ചാതായി കോടതി ഉത്തരവിട്ടത്.