കേരളം
മംഗള എക്സ്പ്രസിന്റെ എന്ജിന് വേര്‍പെട്ടു, ഒഴിവായത് വന്‍അപകടം
ഓടിക്കൊണ്ടിരിക്കേ, എറണാകുളം- നിസാമുദ്ദീന്‍ മംഗള എക്സ്പ്രസിന്റെ എന്ജിന് ബോഗിയില്‍ നിന്ന് വേര്‍പെട്ടു. വേര്‍പെട്ട എന്ജിന് ഏതാനും മീറ്ററുകള്‍ ഓടി. എന്ജിന് വേര്‍പ്പെട്ട കാര്യം ഉടന്‍ ശ്രദ്ധിച്ച ലോകോ പൈലറ്റ് എന്ജിന് നിര്‍ത്തുകയായിരുന്നു.
ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നേ മുക്കാലോടെ തൃശൂര്‍ സ്റ്റേഷന് വിട്ടയുടനെയാണ് സംഭവം. തൃശൂര്‍ സ്റ്റേഷന് വിട്ട് പൂങ്കുന്നം സ്റ്റേഷന് എത്തുന്നതിന് മുമ്പായാണ് സംഭവമുണ്ടായത്. സ്റ്റേഷനില്‍ നിര്‍ത്തി പുറപ്പെട്ടതിനാല്‍ ട്രെയിനിന് അധികം വേഗതയില്ലായിരുന്നു. ഇത് വന്‍ അപകടം ഒഴിവാക്കി.
എറണാകുളത്ത് നിന്ന് പുറപ്പെട്ട ട്രെയിന്റെ കപ്ലിംഗ് ആണ് വേര്‍പെട്ടത്. റെയില്‍വേ ഉദ്യോഗസ്ഥരെത്തി 15 മിനുട്ടിന് ശേഷം അറ്റകുറ്റപ്പണികള്‍ നിര്‍വഹിച്ചതിനെ തുടര്‍ന്നാണ് യാത്ര പുനരാരംഭിച്ചത്. അതിനിടെ പരിഭ്രാന്തരായ യാത്രക്കാര്‍ പുറത്തിറങ്ങി. റെയില്‍വേ ഇക്കാര്യത്തില്‍ വിശദ അന്വേഷണം നടത്തും. ട്രെയിന്‍ വേഗത്തിലായിരുന്നെങ്കില്‍ വേര്‍പെട്ട ബോഗി എന്‍ജിനിലേക്ക് ഇടിച്ചുകയറി വലിയ അപകടമുണ്ടാകുമായിരുന്നു.