Kerala
ഇഡി റെയ്ഡ്; കേരളത്തിൽ നിന്ന് ഒന്നര കോടിയുടെ വിദേശ കറൻസിയും 1.40 കോടി രൂപയും പിടിച്ചെടുത്തു


കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ വിദേശ കറൻസികളും കള്ളപ്പണവും പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കേരളത്തിൽ 14 ഇടങ്ങളിൽ റെയ്ഡ് നടത്തിയത്. ഹവാല കണ്ണികളെയും വിദേശ കറൻസികൾ മാറ്റിനൽകുന്ന അനധികൃത ഇടപാടുകാരെയും കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് ഇഡി വ്യക്തമാക്കി.
huge sum of unaccounted Indian Rupees generated from illegal foreign currency exchange totaling to approximately Rs. 1.40 Crore was recovered and freezed/seized and 50 Mobiles and various electronic devices have been seized.
— ED (@dir_ed) June 21, 2023
റെയ്ഡിൽ 15 രാജ്യങ്ങളുടെ ഒന്നര കോടിയോളം രൂപ മൂല്യം വരുന്ന വിദേശ കറൻസികളാണ് പിടിച്ചെടുത്തത്. വിദേശ കറൻസികൾ മാറ്റിനൽകുന്ന അനധികൃത ഇടപാടുകാരിൽനിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 1.40 കോടി രൂപയും കണ്ടെടുത്തതായി ഇഡി ട്വിറ്ററിൽ കുറിച്ചു. 50 മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി.
ദിവസവും കോടികളുടെ ഹവാല ഇടപാടുകൾ നടക്കുന്ന കേന്ദ്രമെന്ന് അന്വേഷണസംഘം പറയുന്ന എറണാകുളം പെന്റാ മേനക ഷോപ്പിംഗ് സെന്റർ, ബ്രോഡ്‌വേയിലെ ഏതാനും സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ നോട്ടുകെട്ടുകൾ പിടിച്ചെടുത്തു. പെന്റാ മേനകയിലെ ഒരു മൊബൈൽ കട, ശ്രീധർ തിയേറ്ററിന് സമീപത്തെ ഇലക്ട്രോണിക് വസ്തുക്കൾ വിൽക്കുന്ന കട എന്നിവിടങ്ങളിലാണ് വിശദമായ റെയ്ഡ് നടത്തിയത്. ജുവലറികൾ, വിദേശനാണയ വിനിമയ കേന്ദ്രങ്ങൾ, വസ്ത്രവ്യാപാര സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്.
ഫോറിൻ എക്‌സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് റെയ്ഡ്. കേരളത്തിന് പുറത്തുനിന്നുള്ള 150 ഓളം ഉദ്യോഗസ്ഥരാണ് കേന്ദ്ര സേനകളുടെ സംരക്ഷണത്തിൽ റെയ്ഡ് നടത്തുന്നത്. ഗൾഫിൽ നിന്നുൾപ്പെടെ വൻതോതിൽ ഹവാല ഇടപാടുകൾ വഴി കേരളത്തിൽ പണം എത്തുന്നെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.