കേരളം
സെക്രട്ടേറിയറ്റ് നടയില്‍ മീൻ വില്പന നടത്തി ഉദ്യോഗാർഥികൾ
ഇരുപത്തിയാറാം ദിനത്തിലേക്ക് കടക്കുമ്പോഴും സെക്രട്ടേറിയറ്റ് നടയില്‍ സമരം ശക്തമായി തുടർന്ന് എൽജിഎസ് ഉദ്യോഗാർഥികൾ. സെക്രട്ടേറിയറ്റിന് മുന്നില്‍ മീന്‍ വില്പന നടത്തി ഇന്ന് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചു. മുഖ്യമന്ത്രി സമരക്കാരുമായി ചർച്ച നടത്താൻ ഇതുവരെ തയാറായിട്ടില്ലെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം ശക്തമായി തുടരാൻ തന്നെയാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.
അതേസമയം, സെക്രട്ടറിയേറ്റിനു മുന്നിൽ സിവിൽ പോലീസ് റാങ്ക് ഹോൾഡർമാർ നടത്തുന്ന പ്രതിഷേധ സമരം 12 ദിവസത്തിലേക്കു കടന്നു. തിങ്കളാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്താനുള്ള ഒരുക്കത്തിലാണ് എൽജിഎസ് റാങ്ക് ഹോൾഡേഴ്സ്. അതിനിടെ കെഎസ്ആർടിസി മെക്കാനിക് ഗ്രേഡ് രണ്ട് റാങ്ക് ലിസ്റ്റിലുള്ളവരും വ്യാഴാഴ്ച സമരം ആരംഭിച്ചിട്ടുണ്ട്.
സര്‍ക്കാരില്‍നിന്ന് ചര്‍ച്ചയ്ക്ക് അനുകൂലമായ നിലപാട് വരാത്ത സാഹചര്യത്തില്‍ ഉദ്യോഗാർഥികൾ ഗവര്‍ണറെ കണ്ട് പരാതി ബോധിപ്പിക്കാനാണ് നീക്കം നടത്തുന്നുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച ഉപവാസം അനുഷ്ഠിക്കുന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ് ഇതിനുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയത്. ശോഭാ സുരേന്ദ്രൻ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ ഉപവാസ സമരം അവസാനിപ്പിച്ചു.
സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങളെക്കുറിച്ച് ധരിപ്പിക്കാനും ഇടപെടൽ ആവശ്യപ്പെട്ടുമാണ് ശോഭ ഗവർണറെ സമീപിക്കുന്നത്. സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ അവസാന പ്രതീക്ഷ എന്ന നിലയ്ക്കാണ് ബിജെപി നേതാവിനൊപ്പം ഗവർണറെ കാണാൻ തീരുമാനിച്ചിരിക്കുന്നത്.