ക്രൈം
ബില്ലിങ്ങില്‍ തട്ടിപ്പ്; കടയിൽ നിന്ന് മോഷ്ടിച്ചത് 8 ലക്ഷം രൂപയുടെ സാധനങ്ങള്‍
ആലപ്പുഴ ഹരിപ്പാട് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ നിന്ന് 8 ലക്ഷം രൂപയുടെ സാധനങ്ങള്‍ കടത്തിയ ജീവനക്കാരികള്‍ അടക്കം മൂന്ന് പേര് പിടിയില്‍. ഹരിപ്പാട്ടെ മയൂരാ മാർജിൻ ഫ്രീ മാര്‍ക്കറ്റിലെ ക്യാഷ് കൗണ്ടര്‍ സ്റ്റാഫായ വെട്ടുവേനി തിരുവാതിരയിൽ പ്രഭ (36), ഇവരുടെ ബന്ധുവായ വെട്ടുവേനി നെടിയത്തു വടക്കതിൽ വിദ്യ (32 ,കടയിലെ മറ്റൊരു ജീവനക്കാരിയായ പള്ളിപ്പാട് അറുപതിൽവീട്ടിൽ സുജിത (28 ) എന്നിവരെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
പിടിക്കപ്പെടാതിരുന്നതിനാല്‍ ഇവര്‍ തട്ടിപ്പ് നിരന്തരം ആവർത്തിക്കുകയും ചെയ്തു. കഴിഞ്ഞദിവസം വിദ്യ സാധനം വാങ്ങിയതിന്റെ ബില്ല് മറ്റൊരു ജീവനക്കാരി പരിശോധിച്ചപ്പോള്‍ ബില്‍ കമ്പ്യൂട്ടറിൽ നിന്ന് കണ്ടെത്താനായില്ല. തുടർന്ന് സംശയം തോന്നിയ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് മനസ്സിലാക്കുന്നത്.
ഏകദേശം 8 ലക്ഷം രൂപയുടെ സാധനങ്ങൾ ഇത്തരത്തില്‍ തട്ടിപ്പിലൂടെ കടത്തിയിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. മുഖ്യപ്രതിയായ പ്രഭ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.