കേരളം
തെരഞ്ഞെടുപ്പ് വിവരങ്ങള്‍ അതിവേഗം രേഖപ്പെടുത്താം ; പോള്‍ ആപ്പ്
നിയമസഭ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ നിരീക്ഷിക്കാനും കൃത്യമായ വിവരങ്ങള്‍ വേഗത്തിലറിയാനും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി പോള്‍ മാനേജര്‍ ആപ്പ്. വോട്ടെടുപ്പ് ദിവസവും തലേന്നുമാണ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്നത്. പ്രിസൈഡിങ് ഓഫിസര്‍, ഫസ്റ്റ് പോളിങ് ഓഫിസര്‍, സെക്ടറല്‍ ഓഫിസര്‍ എന്നിവര്‍ക്കാണ് ആപ്പ് ഉപയോഗിക്കാന്‍ അനുമതി. ഗൂഗിള്‍ പ്ലേസ്റ്റോര്‍ വഴി ആപ്ലിക്കേഷന്‍ ലഭ്യമാക്കും.
ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒ.ടി.പി നമ്പര്‍ ഉപയോഗിച്ച് പ്രവര്‍ത്തനക്ഷമമാക്കാം. ജില്ലയിലെ എല്ലാ പോളിങ് സ്റ്റേഷനുകളില്‍നിന്നും വോട്ടെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ പോള്‍ മാനേജരിലൂടെ കലക്ടര്‍ക്കും വരണാധികാരികള്‍ക്കും തത്സമയം നിരീക്ഷിക്കാം.
വോട്ടിങ് മെഷീനുകള്‍ വിതരണ കേന്ദ്രങ്ങളില്‍ എത്തുന്നതു മുതല്‍ വോട്ടെടുപ്പ് കഴിഞ്ഞ് കലക്ഷന്‍ സെന്ററില്‍ എത്തിക്കും വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ആപ്പില്‍ തത്സമയമാണ് രേഖപ്പെടുത്തുന്നത്. ഓരോ മണിക്കൂറിലുമുള്ള പോളിങ് ശതമാനമടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തും.
വോട്ടിങ് മെഷീന് തകരാറുകളോ ക്രമസമാധാന പ്രശ്നങ്ങളോ കാരണം പോളിങ് തടസ്സപ്പെട്ടാല്‍ എസ്.ഒ.എസ് മുഖേന ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ കൈമാറാനും സാധിക്കും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടിങ് മെഷീന് സ്വീകരിക്കുന്നത് മുതല്‍ വോട്ടെടുപ്പ് കഴിഞ്ഞ് മെഷീന് തിരികെ ഏല്‍പ്പിക്കുന്നതു വരെയുള്ള കൃത്യനിര്‍വഹണം സംബന്ധിച്ച വിവരങ്ങളെ കുറിച്ചുള്ള 21 ചോദ്യങ്ങളാണ് ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതത് സമയങ്ങളില്‍ തന്നെ ഉദ്യോഗസ്ഥര്‍ മറുപടികള്‍ രേഖപ്പെടുത്തും.