കേരളം
വോട്ടെണ്ണൽ ദിവസം ആഹ്ലാദ പ്രകടനം വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനത്തിന് വിലക്ക്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് വിലക്ക് ഏർപ്പെടുത്തിയത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ കമ്മീഷന്റെ നടപടി.അതേസമയം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ മെയ് രണ്ടിന് വാരാന്ത്യ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കില്ല.
വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനം വേണ്ട എന്നാണ് രാഷ്ട്രീയ കക്ഷികള്‍ ഒരുമിച്ചെടുത്ത സുപ്രധാന തീരുമാനം. ആഹ്ലാദ പ്രകടനം ഏതെങ്കിലും നിയമമോ ഉത്തരവോ മൂലം നിരോധിച്ചിട്ടില്ല. രാഷ്ട്രീയ നേതൃത്വം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയാണ് വേണ്ടതെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നിരുന്നു.
നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. നിലവിലുളള നിയന്ത്രണങ്ങള്‍ അതേപടി തുടരും. കുറച്ചുദിവസങ്ങള്‍ നിരീക്ഷിച്ച ശേഷം രോഗവ്യാപനം വീണ്ടും ഉയരുകയാണെങ്കില്‍ അപ്പോള്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് പോകാമെന്നുമാണ് സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായത്.
ലോക്ഡൗണിലേക്ക് പോവുകയാണെങ്കില്‍ അത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും ജനങ്ങളെയും മോശമായി ബാധിക്കുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട്. ഇതുപരിഗണിച്ചാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന നിലപാടിലേക്ക് യോഗം എത്തിച്ചേര്‍ന്നത്.