കേരളം
‘എല്‍ദോസ് കുന്നപ്പിള്ളിയെ കണ്ടെത്തി നല്‍കണം’; പരാതിയുമായി ഡിവൈഎഫ്ഐ
ലൈംഗികാരോപണക്കേസില്‍പ്പെട്ട പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതിയുമായി ഡിവൈഎഫ്എ. ഡിവൈഎഫ്ഐ പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മിറ്റിയാണ് വ്യത്യസ്ത സമരവുമായി രംഗത്തെത്തിയത്. കാണാനില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് പിഎ അഷ്കറാണ് പൊലീസില്‍ പരാതി നല്‍കിയത്.
പരാതിയ്ക്ക് പെരുമ്പാവൂര്‍ പോലീസ് റെസീപ്റ്റ് നല്‍കിയിട്ടുണ്ട്. നാളെ പെരുമ്പാവൂരില്‍ ‘പ്രതീകാത്മക തിരയലും’ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്നുണ്ട്. മണ്ഡലത്തിലെ ജനപ്രതിനിധിയായ എല്‍ദോസ് പി കുന്നപ്പിള്ളിയെ കാണാനില്ല. എംഎല്‍എ ഓഫീസ് അടച്ചിട്ടിരിക്കുകയാണ്.
ഫോണും സ്വിച്ച് ഓഫാണ്. അതിനാല്‍ താനുള്‍പ്പെടെ മണ്ഡലത്തിലുള്ള പൊതുജനങ്ങള്‍ക്ക് എംഎല്‍എയുമായി ബന്ധപ്പെട്ട് നടത്തേണ്ട ആവശ്യങ്ങള്‍ സാധിക്കുന്നില്ലെന്നും എംഎല്‍എയെ കണ്ടെത്തി നല്‍കണമെന്നും പരാതിയില്‍ പറയുന്നു.