കേരളം
എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ; വിധി 20ന്
ബലാത്സംഗ കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 20ന് വിധി പറയും. മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്.
പരാതിക്കാരിയെ എംഎൽഎ, പല സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് കേസ്. കോവളം പൊലീസ് കേസെടുത്തതിന് പിന്നാലെ എംഎൽഎ ഒളിവിൽ പോയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ എംഎൽഎയെ അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം.
വാദത്തിനിടെ എംഎൽഎക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. വാദത്തിന് ബലം നൽകാൻ പരാതിക്കാരിയുടെ മൊഴിയും നിലവിൽ ശേഖരിച്ച തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി.
തനിക്കെതിരായ ബലാത്സംഗ പരാതി കെട്ടിച്ചമച്ചതാണെന്ന് എൽദോസിനായി ഹാജരായ അഭിഭാഷകൻ വാദിച്ചു. പരാതിക്കാരിക്കെതിരെ രണ്ട് വാറണ്ടുകൾ ഉണ്ട്. നിരവധി കേസുകളിലെ പ്രതിയാണ് അവർ. ഒരു സിഐക്കും എസ്ഐക്കുമെതിരെ വ്യാജ പരാതി ഉന്നയിച്ച ആളാണ് പരാതിക്കാരി. എംഎൽഎ കോവളത്ത് വച്ച് ആക്രമിച്ചു എന്നു പറയുന്ന 14ന്, പൊലീസ് സംഭവ സ്ഥലത്തെത്തിയിരുവെന്നും ഈ സമയത്ത് ഒരു പരാതിയും ഉന്നയിച്ചില്ല. കഴിഞ്ഞ മാസം 28ന് പരാതി നൽകുമ്പോൾ ബലാത്സംഗം ചെയ്തുവെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും എംഎൽഎ വാദിച്ചു.
കോവളത്ത് വച്ച് എംഎൽഎ തന്നെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതിക്കാരിയുടെ വാദം. കോവളം സൂയിസൈഡ് പോയിന്റിലെത്തിച്ച് തന്റെ പിന്നാലെ എംഎൽഎ വന്നു. അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് തോന്നിയപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം 14നായിരുന്നു ഈ സംഭവമെന്നും പരാതിക്കാരി പറഞ്ഞു.
ഓടി രക്ഷപ്പെട്ടു ഒരു വീടിന് പിന്നിൽ ഒളിച്ചപ്പോൾ, എംഎൽഎയും സുഹൃത്തും അനുനയിപ്പിച്ച് റോഡിൽ എത്തിച്ചു. തുടർന്ന് എംഎൽഎ മർദ്ദിച്ചപ്പോൾ, താൻ ബഹളമുണ്ടാക്കുകയും നാട്ടുകാർ ഓടിക്കൂടുകയും പൊലീസ് എത്തുകയും ചെയ്തു. അവരുടെ മുന്നിൽ ഭാര്യയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്നും പരാതിക്കാരി വ്യക്തമാക്കി.