കേരളം
ഇസ്‌ലാം മതവിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും
പ്രവാചകനായ ഇബ്രാംഹിം മകൻ ഇസ്മായീലിനെ ദൈവകൽപ്പന പ്രകാരം ബലി നൽകാനൊരുങ്ങിയതിൻറെ ഓർമ്മ പുതുക്കി ഇസ്‌ലാം മതവിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിക്കും. പ്രവാചകന്റെ ത്യാഗത്തെ വാഴ്ത്തുന്ന ഈ ദിനം പെരുന്നാൾ നമസ്കാരവും കുടുംബാംഗങ്ങളുടെ ഒത്തുചേരലുകളുമായി കേരളത്തിലെ വിശ്വാസികൾ ആഘോഷിക്കും.
മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനമാണ് ബലിപെരുന്നാൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം സുഖസന്തോഷങ്ങൾ ഉപേക്ഷിച്ച് മറ്റുള്ളവന്റെ നന്മയ്ക്കായി ആത്മാർപ്പണംചെയ്ത മനുഷ്യരുടെ ത്യാഗമാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന സന്ദേശമാണ് ഈ ദിനം പകരുന്നത്.
അതുൾക്കൊള്ളാനും പങ്കുവെക്കാനും ആവിധം ബലിപെരുന്നാൾ ആഘോഷം സാർഥകമാക്കാനും ഏവർക്കും സാധിക്കണം-ആശംസ നേർന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ഭീതി ഒഴിഞ്ഞതിൻറെ ആശ്വാസത്തിലാണ് ഏവരും.
പെരുന്നാൾ നമസ്‌കാരത്തിനായി വിശ്വാസികൾ പള്ളികളിലും ഈദ്‌ഗാഹുകളിലും ഇത്തവണ ഒത്തുചേരും. ബലിപെരുന്നാളിൽ തക്ബീറുകൾ ചൊല്ലി പ്രാർഥനകളിൽ സജീവമാകും. പെരുന്നാൾ നമസ്‌കാരാനന്തരം വിശ്വാസികൾ കൂട്ടായും ഒറ്റയ്ക്കും ബലികർമങ്ങളിൽ ഏർപ്പെടും.