കേരളം
മോൻസൻ മാവുങ്കൽ കേസിൽ മോഹൻലാലിന് ഇഡിയുടെ നോട്ടീസ്
പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തിൽ നടൻ മോഹൻലാലിന് ഇഡിയുടെ (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) നോട്ടീസ്. മോൻസൻ്റെ മ്യൂസിത്തിൽ പോയത് സംബന്ധിച്ച് വിശദീകരണം തേടാനാണ് ഇഡി സൂപ്പർ താരത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. അടുത്ത ആഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി മൊഴി നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സിനിമാ താരങ്ങളും ഉന്നത ഉദ്യോഗസ്ഥരും അടക്കം സമൂഹത്തിലെ പ്രമുഖരുമായി മോൻസൻ മാവുങ്കൽ ബന്ധം പുലർത്തിയിരുന്നതായി ഇഡിയും ക്രൈംബ്രാഞ്ചും നേരത്തെ കണ്ടെത്തിയിരുന്നു. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അടക്കമുള്ളവർ മോൻസൻ്റെ വീട്ടിലെത്തിയിരുന്നു. മറ്റൊരു സിനിമാതാരം വഴി മോഹൻലാലിൻ്റെ വീട്ടിൽ മോൻസൻ നേരിട്ടെത്തി സന്ദർശനം നടത്തിയിരുന്നതായും വിവരമുണ്ട്.
മോഹൻലാലും മോൻസനും ഒരുമിച്ചു നിൽക്കുന്ന ചിത്രം നേരത്തെ ഇഡി ശേഖരിച്ചിരുന്നു. ആരാണ് മോഹൻലാലിനെ മോൻസൻ്റെ വീട്ടിലേക്ക് കൊണ്ടു പോയത്. എന്തിനാണ് പോയത്, എന്തെങ്കിലും ഇടപാടുകൾ മോഹൻലാലും മോൻസനും തമ്മിലുണ്ടായോ എന്നീ കാര്യങ്ങളാണ് പ്രധാനമായും ഇഡിക്ക് അറിയേണ്ടത്. മോഹൻലാൽ അടക്കമുള്ള സിനിമാ താരങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് മോൻസൻ മാവുങ്കലിൽ നിന്നും നേരത്തെ തന്നെ ഇഡി വിശദമായ മൊഴി ശേഖരിച്ചിരുന്നു.