കേരളം
വടകരയിലെ ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് ഇ.ഡി പരിശോധന
വടകരയിലെ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ആസ്ഥാനത്ത് ഇ.ഡി പരിശോധന.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം. രാവിലെ ഒമ്പതുമണി മുതല്‍ 11.45 വരെയായിരുന്നു പരിശോധന.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനാണ് പരിശോധനയ്ക്കായി എത്തിയത്. ഇദ്ദേഹത്തിനൊപ്പം കോഴിക്കോട് യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥനും ഇവിടേക്ക് എത്തി.
ഊരാളുങ്കലിന് ലഭിച്ച കരാറുകളിലാണ് പരിശോധന നടന്നത്. ഊരാളുങ്കലിന്റെ ഇടപാടുകളില്‍ രവീന്ദ്രന് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രാഥമിക പരിശോധനയില്‍ പരിഗണിക്കുന്നത്.
സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ കരാറുകള്‍ ലഭിച്ച സ്ഥാപനമാണ് ഊരാളുങ്കല്‍ സൊസൈറ്റി. എന്നാല്‍ എന്തുകൊണ്ടാണ് ഊരാളുങ്കലിനു മാത്രം കൂടൂതല്‍ കരാറുകള്‍ ലഭിക്കുന്നുവെന്ന ചോദ്യം ഉയര്‍ന്നിരുന്നു.
അതേസമയം, ഉരാളുങ്കല്‍ സൊസൈറ്റില്‍ ഇ.ഡി റെയ്ഡ് നടത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
നിലവില്‍ ഇ.ഡി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമുണ്ടോ എന്ന് മാത്രമാണ് അന്വേഷിച്ചത്.
അവരിലാര്‍ക്കും സൊസൈറ്റിയുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല എന്ന മറുപടി നല്‍കുകയും അതില്‍ തൃപ്തരായി അവര്‍ മടങ്ങുകയുമാണുണ്ടായതെന്നും ചെയര്‍മാന്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.