കേരളം
മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ മൊഴി; സുപ്രീം കോടതിക്കു കൈമാറാമെന്ന് ഇഡി
നയതന്ത്ര ചാനല്‍ കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴി സുപ്രീം കോടതിയില്‍ നല്‍കാമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുള്ള മൊഴി കോടതി ആവശ്യപ്പെട്ടാല്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാമെന്ന് ഇഡി അറിയിച്ചു. കേസ് കേരളത്തിനു പുറത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ട്രാന്‍സ്ഫര്‍ ഹര്‍ജിയിലാണ് ഇഡി ഇക്കാര്യം പറയുന്നത്.
കേരളത്തില്‍ സുതാര്യമായ വിചാരണ നടക്കില്ലെന്നും കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കാണിച്ചാല്‍ ഇഡി ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. കേസിലെ പ്രതിയായ സന്ദീപ് നായരെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കരന്‍ സ്വാധീനിച്ചതായും ഇഡി പറയുന്നു.
കേസ് ബംഗളൂരുവിലെ കോടതിയിലേക്കു മാറ്റണമെന്നാണ് ഇഡി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടറാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. നിലവിലില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് ഇഡി കേസിന്റെ നടപടികള്‍ പുരോഗമിക്കുന്നത്. കേരളത്തില്‍ വിചാരണ അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇഡി ആശങ്കപ്പെടുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായി ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നു.
സ്വപ്ന സുരേഷിന്റെ പുതിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളിലേക്കു കടക്കുന്നതിനിടെയാണ് ഇഡിയുടെ നീക്കം. ഡല്‍ഹിയില്‍ നടന്ന ഉന്നത തല കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇഡി സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ നാല് പ്രതികളാണ് ഉള്ളത്. പിഎസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, എം ശിവശങ്കര്‍ എന്നിവരാണ് പ്രതികള്‍.