കേരളം
സാമ്പത്തിക പ്രതിസന്ധി കാലം, എന്നിട്ടും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ആഢംബരങ്ങൾക്ക് കുറവില്ല!
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അടിസ്ഥാന ആവശ്യങ്ങൾ പോലും പിന്നേയ്ക്ക് മാറ്റിവയ്ക്കുന്ന സര്‍ക്കാർ, ഏറെ പഴി കേൾക്കുന്നത് ചില മുൻഗണനകളുടെ പേരിലാണ്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ അത്യാവശ്യമില്ലാത്ത ചെലവുകൾ പോലും മാറ്റി വയ്ക്കുന്നില്ലെന്ന് മാത്രമല്ല, അതിൽ പലതും ആഡംബരമാണെന്ന പഴി കേൾക്കുന്നുമുണ്ട്. കേരളീയം നടത്തിപ്പ് പോലും പ്രതിസന്ധി കാലത്തെ ധൂര്‍ത്തെന്ന ആക്ഷേപം ശക്തമാണ്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തിൽ തന്നെ പ്രതിസന്ധി കാലത്തെ ധൂര്‍ത്തെന്ന ആക്ഷേപം ഉയര്‍ന്നു. സെൻട്രൽ സ്റ്റേഡിയത്തിൽ കെട്ടിയ സത്യപ്രതിജ്ഞാ പന്തലിനെ പ്രതിപക്ഷം കണ്ടത് അങ്ങനെയായിരുന്നു. ഒന്നാം പിണറായി കാലത്ത് തുടങ്ങിയ സാമ്പത്തിക പ്രതിസന്ധി കൊവിഡ് കാലം കഴിഞ്ഞതോടെ കടുത്തു. എന്തിനും ഏതിനും നിയന്ത്രണം വേണമെന്നും അനാവശ്യ ചെലവ് നിയന്ത്രിക്കണമെന്നും നിരന്തരം ഓര്‍മ്മിപ്പിച്ച ധനവകുപ്പ് ചെലവ് ചുരുക്കൽ വകുപ്പു മേധാവികളുടെ ചുമതലയാക്കി സര്‍ക്കുലര്‍ പലതവണയിറക്കി.
ആരോപണത്തിന്റെ കേന്ദ്ര ബിന്ദു ക്ലിഫ് ഹൗസ് തന്നെയാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ പശുത്തൊഴുത്തിന് അനുവദിച്ച 42.90 ലക്ഷം രൂപ, നീന്തൽ കുളം നവീകരിക്കാൻ ആറ് വര്‍ഷത്തിനിടെ അനുവദിച്ചത് 31,92,360 രൂപ, ലിഫ്റ്റ് പണിയാൻ 25.05 രൂപ, പ്രതിസന്ധി കാലത്ത് എസ്കോര്‍ട്ട് വാഹനങ്ങൾ പുതുക്കിയതും 33 ലക്ഷം ചെലവിട്ട് കിയ കാര്‍ണിവെൽ കൂടി വാങ്ങിയതും പ്രതിപക്ഷം ഏറ്റുപിടിച്ചു. ലോക കേരള സഭക്ക് ചെലവാക്കിയ കോടികൾ മുതൽ കേരളീയത്തിന് അനുവദിച്ച പ്രാഥമിക ചെലവ് 27 കോടി വരെ പ്രതിസന്ധി കാലത്തെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്
ധൂര്‍ത്തെന്ന് കണ്ട് ഇടക്ക് ഒഴിവാക്കിയ വിമാനം വാടകക്ക് എടുക്കൽ ഫയൽ സര്‍ക്കാര്‍ പൊടിതട്ടിയെടുത്തതും അടുത്തിടെയാണ്. 20 മണിക്കൂര്‍ പറക്കാൻ പ്രതിമാസം ചെലവ് 80 ലക്ഷം രൂപയാണ്. അധികം പറക്കുന്ന ഓരോ മണിക്കുറിനും തുക വേറെ വേണം. കൊട്ടിഘോഷിച്ച കെ-ഫോൺ ഉദ്ഘാടനത്തിനും ചെലവായത് നാല് കോടിയോളം രൂപ.
ട്രഷറിയിൽ 5 ലക്ഷത്തിന് മുകളിൽ ബില്ല് മാറാൻ പ്രത്യേക അനുമതി നിബന്ധന വന്നിട്ട് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശികയും 22 ശതമാനം വരുന്ന ഡിഎ കുടിശികയും മാത്രം കണക്കാക്കിയാൽ പോലും കോടികൾ വരും. ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ ആളൊന്നിന് 6,400 രൂപ ഇപ്പോൾ തന്നെ കൊടുക്കാനുണ്ട്. കെഎസ്ആര്‍ടിസിക്ക് കൊടുക്കാനുള്ള പണത്തിനും സര്‍ക്കാര്‍ അവധി പറഞ്ഞിരിക്കുകായാണ്. കരാറുകാര്‍ക്ക് നൽകാനുള്ളത് 6000 കോടിയോളം, പണമില്ലാ പ്രതിസന്ധിയിലാണ്. ഒന്നെടുത്താൽ മറ്റൊന്നിന് പകരമാകുമോ എന്നാണ് സര്‍ക്കാര്‍ ന്യായം, മുണ്ടു മുറുക്കിയുടുക്കാൻ പറയുന്ന സര്‍ക്കാര്‍ തന്നെയാണോ ഇതെന്ന് ജനം ചോദിക്കുന്നിടത്താണ് പ്രതിപക്ഷത്തിന്റെ പിടിവള്ളിയും.