കേരളം
‘നിപ ഭീഷണിയിലും മുടങ്ങാതെ ഡിവൈഎഫ്‌ഐയുടെ ഉച്ചഭക്ഷണ വിതരണം’; ഉദ്ഘാടനം ചെയ്ത് മന്ത്രി
നിപ രോഗ ഭീഷണിക്കിടെയിലും കോഴിക്കോട് ഡിവൈഎഫ്‌ഐയുടെ ഉച്ചഭക്ഷണ വിതരണം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ഇന്നത്തെ ഭക്ഷണ വിതരണം ഡിവൈഎഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നിപ അവലോകന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജില്‍ വന്നപ്പോഴാണ് ഹൃദയപൂര്‍വ്വം പദ്ധതിയില്‍ മന്ത്രി പങ്കാളിയായത്. കോഴിക്കോട് നോര്‍ത്ത് ബ്ലോക്കിലെ ബെസ്റ്റ് ഹില്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ന് ഭക്ഷണ വിതരണം ചെയ്തത്. നിപ രോഗവുമായി ബന്ധപ്പെട്ട് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നവര്‍ക്കും ഹൃദയപൂര്‍വ്വം പദ്ധതിയിലൂടെ പൊതിച്ചോറുകള്‍ നല്‍കുന്നുണ്ടെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.
നിപയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജില്‍ കഴിയുന്നവര്‍ക്ക് ഉച്ച ഭക്ഷണം നല്‍കുന്ന ഡിവൈഎഫ്‌ഐക്ക് ബിഗ് സല്യൂട്ട് എന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്. നിപാ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ പോയപ്പോഴാണ് പ്രവര്‍ത്തനം കാണാന്‍ ഇടയായത്. ഐസൊലേഷനില്‍ ഉള്ളവര്‍ക്ക് ഡിവൈഎഫ്‌ഐ ഉച്ചഭക്ഷണം കൃത്യമായി നല്‍കുന്നു എന്നുള്ളത് ഏറെ സന്തോഷകരമാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഓരോ ദിവസവും 3500ലധികം പൊതിച്ചോറുകളാണ് വിതരണം ചെയ്യുന്നത്. ഇതുവരെ 45,05,168 പൊതിച്ചോറുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.