കേരളം
മലപ്പുറത്ത് വൻ ലഹരിവേട്ട; പിടിച്ചത് ഒരു കോടിയിലധികം വിലവരുന്ന ലഹരി വസ്തുക്കൾ, രണ്ട് പേർ പിടിയിൽ
ഒരു കോടിയിലധികം വിലവരുന്ന വരുന്ന ലഹരി വസ്തുക്കളുമായി (Drug) രണ്ട് പേർ പിടിയിൽ. പോരുർ പട്ടണംകുണ്ട് വള്ളിയാമ്പല്ലി വീട്ടിൽ മുജീബ് റഹ്മാൻ, കർണ്ണാടക സ്വദേശി സലാഹുദ്ദീൻ എന്നിവരാണ് മലപ്പുറം കാളികാവ് എക്സൈസിന്റെ പിടിയിലായത്. പോരൂർ പട്ടണം കുണ്ടിലെ വാടക ക്വാർട്ടേഴ്‌സിൽ വച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. എക്സൈസ് ഉദ്യോഗസ്ഥരെക്കണ്ട് ഒപ്പമുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു.
പിടിയിലായവരുടെ പക്കൽ നിന്നും 38 ഗ്രാം എംഡിഎംഎ, 121 ഗ്രാം കൊക്കെയ്ൻ എന്നിവ പിടികൂടി. മയക്കുമരുന്ന് കടത്താനായി ഉപയോഗിച്ച മൂന്ന് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. ബംഗളുരുവില്‍ നിന്നാണ് ലഹരി വസ്തുക്കൾ പട്ടണം കുണ്ടിലെ വാടക ക്വാർട്ടേഴ്സിൽ എത്തിച്ചത്. മലയോര മേഖലയിലെ ആവശ്യക്കാർക്ക് എത്തിച്ചു നല്‍കാനാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ എക്സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു.
നിരോധിത ലഹരി വസ്തുക്കൾ വിൽപ്പനക്കായി കൈവശം വച്ച കേസുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളുടെ ഫോണിലേക്ക് വന്ന മണി ട്രാൻസ്ഫർ ഇടപാടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി കാളികാവ് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. രക്ഷപ്പെട്ടവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.