കേരളം
പെരുമഴയില്‍ മുങ്ങി ഓരോ തവണയും ലക്ഷങ്ങളുടെ നഷ്ടം, കുട്ടനാട് മോഡല്‍ വീടുയര്‍ത്തല്‍ തിരുവനന്തപുരത്തും
വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ വീട് ഉയർത്താനുള്ള നടപടി തുടങ്ങി തിരുവനന്തപുരം ഗൗരീശപട്ടത്തെ വീട്ടുകാർ. ഓരോ തവണ വെള്ളം കയറുമ്പോഴും ലക്ഷങ്ങൾ നഷ്ടം വന്നതോടെയാണ് വീട്ടുകാര്‍ കുട്ടനാട് മോഡലിലുള്ള സ്വയം പരിഹാര മാർഗം തേടുന്നത്.
വീട് പൊളിക്കാനല്ല. വീട് ഉയർത്താനുള്ള തത്രപ്പാടിലാണ് ഗൗരീശപട്ടത്തെ വീട്ടുകാർ. ഒരു മാസത്തിനുള്ളിൽ വെള്ളം കയറിയത് രണ്ടു തവണയാണ്. പ്രദേശത്തെ 128 വീടുകളിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഇതെങ്കിലും രക്ഷയാവട്ടെന്ന് കരുതിയാണ് ഉദ്യമം. ഗൗരീശപട്ടത്തെ റിട്ടയേഡ് ഡപ്യൂട്ടി ഹൈഡ്രോഗ്രാഫർ സതീഷ് ഗോപിയുടെ വീട്ടിൽ വീടുയർത്താനുള്ള പണികൾ തുടങ്ങിക്കഴിഞ്ഞു. കാര്‍ കേടായി, ബൈക്ക് കേടായി, ആര് നഷ്ടപരിഹാരം തരാനെന്നാണ് സതീഷ് ഗോപിയുടെ ചോദ്യം. സ്ക്വയർ ഫീറ്റിന് 250 രൂപയാണ് നിരക്ക്. ചുമര് തുരക്കും. മൂന്നടി മിനിമം ജാക്കി വച്ചുയർത്തും. തറ വീണ്ടും പുതുക്കും. ഇതാണ് പദ്ധതി.
ഒരു വശത്ത് പട്ടം തോട്. മറുവശത്ത് ഉള്ളൂർ തോട്. രണ്ടും കൃത്യമായി വൃത്തിയാക്കുകയോ ആഴം കൂട്ടുകയോ ചെയ്യാത്തത് വെള്ളപ്പൊക്കത്തിന്റെ ആക്കം കൂട്ടി. വീട് ഉയർത്തൽ എങ്ങനെയെന്ന് അറിയാൻ സമീപവാസികള്‍ സതീഷ് ഗോപിയുടെ വീട്ടിലെത്തി. വീട് ഉയർത്താൻ പണമില്ലാത്തവർ പ്രദേശം ഉപേക്ഷിച്ചു പോവുകയാണ്. വർഷങ്ങൾക്ക് മുമ്പെ കുട്ടനാട്ടുകാർ വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ വീട് ഉയർത്തൽ രീതി പരീക്ഷിച്ച് വിജയത്തിലെത്തിയിരുന്നു.