കേരളം
ഡോ. കെ. മുത്തുലക്ഷ്മി സംസ്‌കൃത സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ പുതിയ പ്രോ വൈസ് ചാന്‍സലറായി ഡോ. കെ. മുത്തുലക്ഷ്മി ചുമതലയേറ്റു. സിന്‍ഡിക്കേറ്റ് യോഗത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. എം. വി. നാരായണന്‍ പ്രോ വൈസ് ചാന്‍സലറായി ഡോ. കെ. മുത്തുലക്ഷ്മിയെ നിര്‍ദ്ദേശിക്കുകയും യോഗം അംഗീകരിക്കുകയും ചെയ്തു.
ഡോ. കെ. മുത്തുലക്ഷ്മി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസില്‍ സംസ്‌കൃതം വേദാന്ത വിഭാഗം പ്രൊഫസറും റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സെല്‍ ഡയറക്ടറുമാണ്. 25 വര്‍ഷത്തെ സര്‍വ്വകലാശാല അധ്യാപന പരിചയമുളള ഡോ. മുത്തുലക്ഷ്മി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ ഇന്ത്യന്‍ മെറ്റാഫിസിക്‌സ് ഫാക്കല്‍ട്ടി ഡീനും സംസ്‌കൃതം വേദാന്ത വിഭാഗം അധ്യക്ഷയുമായിരുന്നു.
നിലവില്‍ മധുര കാമരാജ്, ശ്രീ ശങ്കരാചാര്യ, എം. ജി., കേരള, ശ്രീ നാരായണ ഓപ്പണ്‍ സര്‍വ്വകലാശാലകളില്‍ സംസ്‌കൃതം പി. ജി. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമാണ്. 2008ല്‍ വിവര്‍ത്തനത്തിനുളള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. നാല് പുസ്തകങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ചാലക്കുടി സ്വദേശിനി. പരേതരായ വൈദ്യഭൂഷണം കെ. രാഘവന്‍ തിരുമുല്‍പ്പാടിന്റെയും വിശാലാക്ഷി തമ്പുരാട്ടിയുടെയും മകളാണ്.