കേരളം
സംസ്ഥാനത്ത് ഇരട്ട ജനിതക മാറ്റം സംഭവിച്ച വൈറസ്; ആരോഗ്യവകുപ്പ് പഠനം തുടങ്ങി
സംസ്ഥാനത്ത് ഇരട്ട ജനിതകമാറ്റത്തിന് വിധേയമായ (ഡബിള്‍ മ്യൂട്ടന്റ്) വൈറസ് വ്യാപനമുണ്ടോ എന്ന് സംശയമുയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പഠനം തുടങ്ങി. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം ഇതിന് ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. വേഗത്തിലുള്ള വൈറസ് വ്യാപനത്തിന് പുറമെ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവരിലും രോഗബാധയുണ്ടാകുന്ന സാഹചര്യത്തിലാണ് ഇരട്ട വകഭേദങ്ങളെക്കുറിച്ച് സംശയമുയരുന്നത്.
ഡല്‍ഹി, കര്‍ണാടക, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് അടക്കം പത്ത് സംസ്ഥാനങ്ങളില്‍ ഇരട്ട ജനിതക മാറ്റം സ്ഥിരീകരിച്ചിരുന്നു. കോവിഡ് വ്യാപന തീവ്രതയും വൈറസിന്റെ ജനിതക വകഭേദവും തമ്മില്‍ ബന്ധമുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അടിവരയിടുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ‘ഇരട്ട മാറ്റ’ത്തെ തള്ളിക്കളയാനാകില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
സി.എസ്.െഎ.ആര് ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ജിനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റിവ് ബയോളജി ഐ.ജി .ഐ.ബി) നടത്തിയ പഠനത്തില്‍ സംസ്ഥാനത്ത് മിക്ക ജില്ലയിലും ജനിതകമാറ്റം വന്ന വൈറസ് സാന്നിധ്യം (N440K) സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ഇവ അപകടകാരിയാണെന്ന് കണ്ടെത്തിയിരുന്നില്ലെന്ന് മാത്രമല്ല, ഭയപ്പെടേണ്ടതില്ലെന്നുമായിരുന്നു വിലയിരുത്തല്‍. എന്നാല്‍ സാഹചര്യങ്ങള്‍ മാറിയതാണ് കോര്‍ കമ്മിറ്റി പ്രധാനമായും പരിഗണിച്ചത്.
ഐ.ജി.ഐ.ബിയുമായി സഹകരിച്ചാണ് ആരോഗ്യവകുപ്പ് ഇരട്ട വകഭേദം സംബന്ധിച്ച് നടപടി ആരംഭിച്ചത്. തെരഞ്ഞെടുപ്പിനുശേഷം വിവിധ ജില്ലകളില്‍നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ ഐ.ജി.ഐ.ബി പഠനത്തിലാണ്. ഒരാഴ്ചക്കുള്ളില്‍ പരിശോധന ഫലം ലഭിക്കും.ഏപ്രില്‍ 16നും 17 നും നടത്തിയ മാതൃകയില്‍ രണ്ടാം കൂട്ടപരിശോധന നടത്താനും കോര്‍ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ആന്റിജന്‍, ആര്.ടി.പി.സി.ആര് അടക്കം 2.5 ലക്ഷം പരിശോധനയാണ് ലക്ഷ്യമിട്ടതെങ്കിലും 3,00,971 പരിശോധന നടന്നു.