ആരോഗ്യം
പ്രായമാകുമ്പോൾ ചടഞ്ഞ് കൂടി ഇരിക്കരുത്, ആരോഗ്യം നിലനിർത്താൻ ചില മാർഗങ്ങൾ
പ്രായം വെറുമൊരു സംഖ്യയാണ് എന്നതാണ് വാസ്തവം. പ്രായമായി കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ വയ്യ എന്ന വിഷമത്തിലായിരിക്കും പലരും. പ്രായമാകുന്നതോടെ ഊർജ്ജവും ശക്തിയുമൊക്കെ നഷ്ടപ്പെടുന്ന പോലെയാണ് പലർക്കും തോന്നുന്നത്. അതുകൊണ്ട് തന്നെ പല കാര്യങ്ങളും ചെയ്യാൻ എല്ലാവരും മടിക്കും. ശരിയായ ജീവിതശൈലി പിന്തുടരാത്തതാണ് പലർക്കും നേരത്തെ ബുദ്ധിമുട്ടുകൾ ആരംഭിക്കാനുള്ള കാരണം. ഇത് മാറ്റാൻ ആക്ടീവായി ഇരിക്കേണ്ടത് ഏറെ പ്രധാനമാണ്. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളും അതുപോലെ ബുദ്ധിമുട്ടുകളും മാറ്റാൻ വീട്ടിലിരുന്ന് തന്നെ ചെയ്യാൻ കഴിയുന്നതും പിന്തുടരാവുന്നതുമായ ചില കാര്യങ്ങൾ നോക്കാം.
നടക്കുക
മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർ ദിവസവും അൽപ്പം നേരം നടക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും അമിതഭാരം കുറയ്ക്കാനും അതുപോലെ രക്തയോട്ടം മികച്ചതാക്കാനും ഏറെ സഹായിക്കുന്നതാണ് നടത്തം. വളരെ കുറച്ച് ഇംപാക്ടുള്ള വ്യായാമം ആണ് നടത്തം. വീടിൻ്റെ പരിസരത്തോ അല്ലെങ്കിൽ അടുത്തുള്ള പാർക്കിലോ ഒക്കെ അൽപ്പ നേരം നടക്രുന്നത് ആരോഗ്യവും ഊർജ്ജവും കൂട്ടാൻ സഹായിക്കും.
വ്യായാമം
നല്ല ആരോഗ്യത്തിന് ഏറ്റവും പ്രധാനമായിട്ടുള്ള കാര്യമാണ് വ്യായാമം. പ്രത്യേകിച്ച് സ്ട്രെങ്ങ്ത്ത് ട്രെയിനിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുക. ചെറുപ്പക്കാർക്ക് മാത്രമാണ് സ്ട്രെങ്ങ്ത്ത് ട്രെയിനിങ്ങെന്നുള്ളത് വളരെ വലിയ തെറ്റിദ്ധാരണയാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത പ്രായമായവർക്കും പ്രൊഫഷണലുകളുടെ സഹായത്തോടെ വ്യായാമം ചെയ്യാവുന്നതാണ്. പുഷ് അപ്പ്, സ്വാക്ട്സ് എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു.
ആരോഗ്യകരമായ ഭക്ഷണം
സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണം എല്ലാ പ്രായകാർക്കും ഏറെ നല്ലതാണ്. അതുപോലെ പ്രായമാകുമ്പോഴും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.
പുതിയതും ആരോഗ്യകരവുമായ ഭക്ഷണത്തിൽ നിന്ന് മികച്ച രീതിയിൽ ലഭിക്കുന്ന പോഷണം ശരീരത്തിന് അത്യാവശ്യമാണ്. ദൈനംദിന മാക്രോ, മൈക്രോ ന്യൂട്രിയന്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇലക്കറികൾ, പഴങ്ങൾ, പരിപ്പ്, വിത്തുകൾ, പാലുൽപ്പന്നങ്ങൾ എന്നിവ ശരിയായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം ശരീരത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയും വാർദ്ധക്യത്തിന്റെ ആദ്യകാല ലക്ഷണങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു.
എല്ലുകൾക്ക് അനുയോജ്യമായ വ്യായാമങ്ങൾ
എല്ലുകൾക്ക് ബലവും അതുപോലെ ദൃഢവുമാക്കുന്ന വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കുക. പ്രായമാകുമ്പോൾ സന്ധിവേദനകൾ ഉണ്ടാകുന്നത് സാധാരണമാണ്. അക്വാ എയറോബിക്സ്, നീന്തൽ, വാട്ടർ വാക്കിംഗ് തുടങ്ങിയ ജലത്തെ അടിസ്ഥാനമാക്കിയുള്ള വ്യായാമങ്ങൾ സന്ധി പേശികളിൽ പ്രവർത്തിക്കാനും വേദന ഒഴിവാക്കാനും സഹായിക്കുന്ന മൃദുവായ വ്യായാമങ്ങളാണ്. നല്ല വഴക്കം, പേശികളുടെ ശക്തി, ഹൃദയാരോഗ്യം എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ് വാട്ടർ സ്പോർട്സുകൾ. സജീവമായ വാർദ്ധക്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പല കമ്മ്യൂണിറ്റി സെന്ററുകളും ജിമ്മുകളും മുതിർന്നവർക്കുള്ള ഇത്തരം വ്യായാമ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
സോഷ്യലി ആക്ടീവായിരിക്കുക
ശാരീരിക വ്യായാമങ്ങൾ മാത്രമല്ല സാമൂഹികപരമായും ആക്ടീവായി ഇരിക്കേണ്ടത് ഏറെ പ്രധാനമാണ്. പലർക്കും പറ്റാത്ത കാര്യമാണിത്. ഇത് മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കും. സാമൂഹിക ബന്ധങ്ങൾ നിലനിർത്തുന്നത് സമ്മർദ്ദം കുറയ്ക്കുകയും സന്തോഷം നൽകുകയും ചെയ്യുന്നു. ഏകാന്തതയിൽ നിന്ന് മോചിപ്പിക്കാൻ ഇത് ഏറെ നല്ലതാണ്. സാമൂഹിക ജീവിതത്തെ പരിപോഷിപ്പിക്കുന്ന സാമൂഹിക പ്രവർത്തനങ്ങൾ, കമ്മ്യൂണിറ്റി സേവനങ്ങൾ, വർക്ക് ഷോപ്പുകൾ മുതലായവയിൽ പങ്കെടുക്കുക. ഒപ്പം നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി ബന്ധം നിലനിർത്തുകയും ചെയ്യുക.