കേരളം
ഓൺലൈൻ ക്ലാസുകളുടെ ലിങ്കും പാസ്‌വേഡും കൈമാറരുത്; കേരളാ പോലീസ്
കൊവിഡിനെ തുടർന്ന് ഓൺലൈൻ വിദ്യാഭ്യാസമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഓൺലൈൻ വ്യാജന്മാർ നുഴഞ്ഞു കയറുന്നതിനെക്കുറിച്ച് കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
ഓൺലൈൻ ക്ലാസുകളിൽ വ്യാജന്മാർ നുഴഞ്ഞുകയറി പാട്ടും ഡാൻസും തെറിയഭിഷേകവും നടത്തിയ സംഭവം അടുത്തിടെയാണ് ഉണ്ടായത്. ഒരു പൊതുവിദ്യാലയത്തിന്റെ ഓൺലൈൻ ക്ലാസിനിടെ കറുത്ത വേഷവും മുഖംമൂടിയും ധരിച്ച് ‘വ്യാജവിദ്യാർഥി’ ഡാൻസ് ചെയ്തു. കൊല്ലത്തെ ഒരു സ്കൂളിൽ ഒൻപതാം ക്ലാസിലെ ഓൺലൈൻ റൂമിലെ കമന്റ് ബോക്സിൽ തെറിയഭിഷേകവുമുണ്ടായി.
ക്ലാസിനിടെ സിനിമ, കോമഡി ക്ലിപ്പിങ്ങുകൾ, ട്രോളുകൾ എന്നിവയും പ്രത്യക്ഷപ്പെടുന്നുണ്ട്. 40 കുട്ടികളുള്ള ക്ലാസിൽ 48 കുട്ടികൾ വരെയെത്തിയ സംഭവവുമുണ്ടായി. ഓൺലൈൻ വഴി പ്രവേശനം നേടിയ കുട്ടികളെ അധ്യാപകർക്ക് പരിചയമില്ലാത്തതിനാൽ വ്യാജന്മാരെ കണ്ടെത്താൻ പ്രയാസമാണ്. അച്ഛനമ്മമാരുടെ ഐ.ഡി ഉപയോഗിച്ച് ക്ലാസിൽ കയറുന്നതുമൂലം പേരുകൾ കണ്ട് തിരിച്ചറിയാനും കഴിയുന്നില്ല.
സൗജന്യമായി ലഭിക്കുന്ന പ്ലാറ്റ്‌ഫോമുകളിൽ ക്ലാസുകൾ നടത്തുന്നതിനാൽ അന്വേഷണത്തിന് പരിമിതിയുണ്ട്. പലപ്പോഴും ക്ലാസുകളുടെ ലിങ്കും പാസ്‌വേഡും കുട്ടികളിൽനിന്നുതന്നെയാണ് ചോരുന്നത്. ഓൺലൈൻ ക്ലാസുകളുടെ ലിങ്ക്, പാസ്‌വേഡ് എന്നിവ കൈമാറാതിരിക്കാൻ കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കണം.
ഇക്കാര്യത്തിൽ സ്കൂൾ അധികൃതർ അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കുമിടയിൽ ബോധവത്‌കരണം നടത്തണം. കുട്ടികളുടെ പേരുചേർത്തുള്ള ഐ.ഡി.ഉപയോഗിച്ച് ക്ലാസിൽ കയറിയാൽ ഒരുപരിധിവരെ പ്രശ്നം പരിഹരിക്കാം. പുറത്തുള്ളവർ ക്ലാസിൽ കയറുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പരാതി നൽകുകയും ചെയ്യണം.