കേരളം
കൊവിഡ് വ്യാപനത്തിനിടെ സമരവുമായി ഡോക്ടര്‍മാര്‍ രംഗത്ത് ; തിങ്കളാഴ്ച ഒപി ബഹിഷ്‌കരിക്കും
തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തില്‍ അച്ചടക്ക നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം ശക്തമാക്കുന്നു. നാളെ സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളേജുകളിലും ഒപി രണ്ട് മണിക്കൂര്‍ ബഹിഷ്‌കരിക്കും. രാവിലെ എട്ട് മുതല്‍ പത്ത് വരെയായിരിക്കും ബഹിഷ്‌കരണം.
സസ്‌പെന്‍ഷന്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് ബഹിഷ്‌കരണം വ്യാപിപ്പിക്കുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്, മെഡിക്കല്‍ കോളേജുകളില്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കാനും കൊവിഡ് നോഡല്‍ ഓഫീസര്‍ സ്ഥാനങ്ങള്‍ രാജിവെക്കാനും ഡോക്ടര്‍മാര്‍ തീരുമാനമെടുത്തു.
ഡോക്ടര്‍മാര്‍ക്കു പുറമേ നഴ്‌സുമാരുടെ സംഘടനയായ കെജിഎന്‍എ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റിലേ സത്യാഗ്രഹം തുടങ്ങിയിട്ടുണ്ട്. കൊവിഡ് ചികിത്സയേയും അത്യാഹിത വിഭാഗങ്ങളേയും ശസ്ത്രക്രിയകളേയും ബാധിക്കാത്ത വിധമായിരിക്കും സമരം.
കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നോഡല്‍ ഓഫീസര്‍ ഡോ അരുണ, ഹെഡ് നേഴ്സുമാരായ ലീന, കുഞ്ഞന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി എടുത്തതിനെത്തുടര്‍ന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിഷേധം കടുപ്പിച്ചിരിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ ഓഫീസറുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സംഭവത്തില്‍ ആറാം വാര്‍ഡിലെ ചുമതലര്‍ക്കാര്‍ക്ക് ഗുരുതമായ വീഴ്ച സംഭവിച്ചതായി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കല്‍ കോളേജ് സൂപ്രണ്ടും കണ്ടെത്തിയിരുന്നു.
രോഗീ പരിചരണത്തില്‍ നേരിട്ട് ഇടപെടാത്ത ഡോ അരുണയെ സസ്‌പെന്റ് ചെയ്തതാണ് ഡോക്ടര്‍മാരെ ചൊടിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ യഥാര്‍ത്ഥ ഉത്തരവാദികളെ ഒഴിവാക്കിയാണ് നടപടിയെന്ന് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സംഘടനകള്‍ ആരോപിക്കുന്നു.എന്തുകൊണ്ട് വീഴ്ച സംഭവിച്ചു എന്നാണ് കണ്ടെത്തേണ്ടത്. അല്ലാതെ ഡോക്ടര്‍ക്കെതിരെ നടപടി എടുത്തത് കൊണ്ട് കാര്യമില്ലെന്ന് മറ്റു ഡോക്ടര്‍മാര്‍ പറയുന്നു. വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍ കുമാറിനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദുരവസ്ഥ നേരിടേണ്ടി വന്നത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്. മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ എ റംല ബീവി സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.