ആരോഗ്യം
തലയിണയ്ക്കടിയിൽ മൊബൈൽ ഫോൺ വച്ച് ഉറങ്ങുന്ന ശീലമുണ്ടോ? സൂക്ഷിക്കുക
മണിക്കൂറുകളോളം മൊബെെൽ ഫോൺ ഉപയോഗിക്കുന്നവരാണ് നമ്മളിൽ അധികം പേരും. മൊബെെൽ ഫോൺ തലയിണയ്ക്കടിയിൽ വച്ച് ഉറങ്ങുന്ന ചിലരുമുണ്ട്. വാസ്തവത്തിൽ, ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അപകടകരമാണെന്ന് വിദഗ്ധർ പറയുന്നു.
ഉറങ്ങുമ്പോൾ ഫോണുകൾ കൂടെയുണ്ടാവുക എന്നത് പ്രത്യേകിച്ച് ചെറുപ്പക്കാർക്കിടയിൽ ഒരു ശീലമായി മാറിയിരിക്കുകയാണ്. പൊതുവേ, തലയിണയ്ക്കടിയിലാണ് ഫോൺ വയ്ക്കാനുള്ള ഏറ്റവും നല്ല സ്ഥലമായി പലരും കരുതുന്നത്. കാരണം ഫോൺ റിംഗ് ചെയ്യുമ്പോൾ കോളുകൾ പെട്ടെന്ന് എടുക്കാനൊക്കെ സഹായിക്കുന്നു. എന്നാൽ, തലയിണയ്ക്കടിയിൽ മൊബൈൽ ഫോൺ വച്ച് ഉറങ്ങുന്നത് നല്ല ശീലമല്ലെന്ന് വിദഗ്ധർ പറയുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ മൊബൈലിന്റെ താപനില വർദ്ധിക്കുകയും തുടർന്ന് ഫോൺ പൊട്ടി തെറിക്കാൻ കാരണമാകുകയും ചെയ്യും. അതുകൊണ്ട് ഇത്തരമൊരു തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അതിനാൽ ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ തലയിണയ്ക്കടിയിൽ വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.
നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ നേരത്തെ നടത്തിയ പഠനത്തിൽ കാൻസർ സാധ്യതയും സെൽ ഫോണുകളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സൂചിപ്പിക്കുന്നു. കൂടാതെ, അമിതമായ ഫോൺ ഉപയോഗവും ഗ്ലിയോമാസ്- ബ്രെയിൻ ക്യാൻസറിനുള്ള (gliomas- brain cancer) സാധ്യതയും തമ്മിൽ പരസ്പര ബന്ധമുണ്ടെന്ന് കാലിഫോർണിയ സർവകലാശാല-ബെർക്ക്ലിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
ഉറങ്ങുന്നതിന് മുമ്പ് (അല്ലെങ്കിൽ കിടക്കയിൽ പോലും) ഒരു സെൽ ഫോൺ ഉപയോഗിക്കുന്നത് REM (rapid eye movement) ഉറക്കത്തെ ബാധിക്കും. ഉറങ്ങുമ്പോൾ ശരീരം സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് ഉയർത്തുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനം വ്യക്തമാക്കുന്നു. വിഷാദത്തിനും ഉത്കണ്ഠയ്ക്കും ഇത് അപകടത്തിലാക്കുന്നു. മൊബൈൽ ഫോണുകളുടെ അമിത ഉപയോഗം ശരീരത്തിനും മനസ്സിനും ദോഷം ചെയ്യും.
ഫോണിൽ നിന്നുള്ള നീലവെളിച്ചം എക്സ്പോഷർ ചെയ്യുന്നത് ശരീരത്തിന്റെ സ്വാഭാവിക ഉറക്കചക്രത്തെ തടസ്സപ്പെടുത്തുമെന്ന് ഹാർവാർഡ് ഹെൽത്ത് പഠനം പറയുന്നു . സ്ക്രീനുകളിൽ നിന്ന് പുറപ്പെടുവിക്കുന്ന നീലവെളിച്ചത്തിന് ഉറക്കത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോണിന്റെ ഉത്പാദനത്തെ അടിച്ചമർത്താൻ കഴിയും. ഇത് ഉറങ്ങാനും ബുദ്ധിമുട്ടുണ്ടാക്കും.